കിളിമാനൂർ: സഹകരണ - രാഷ്ട്രീയ മേഖലകളിൽ അരനൂറ്റാണ്ട് പിന്നിട്ട നഗരൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ എ. ഇബ്രാഹിം കുട്ടിക്ക് നാടിന്റെ ആദരം. "സ്നേഹപൂർവം സാറിന്" എന്ന് നാമകരണം ചെയ്ത് ഒരുമാസമായി തുടരുന്ന പരിപാടിയുടെ സമാപനവും ആദരിക്കൽ ചടങ്ങും നാളെ സമാപിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
1970-ൽ നഗരൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി സഹകരണ രംഗത്ത് സജീവമായ എ.ഇബ്രാഹിം കുട്ടി, 12 വർഷക്കാലം നഗരൂർ പഞ്ചായത്ത് പ്രസിഡന്റായും, 30 വർഷക്കാലം പഞ്ചായത്തംഗമായും പ്രവർത്തിച്ചു. സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കാർഷിക വികസന ബാങ്ക് ഭരണസമിതി അംഗം, കിളിമാനൂർ ഹൗസിംഗ് സഹകരണസംഘം വികസന സമിതി അംഗം, ദീർഘകാലം അദ്ധ്യാപകൻ, ഹെഡ് മാസ്റ്റർ എന്നീ നിലകളിൽ എ.ഇബ്രാഹിംകുട്ടി വ്യക്തിമുദ്ര പതിപ്പിച്ചു. കഴിഞ്ഞ ഒരുമാസമായി നടക്കുന്ന പരിപാടികളിൽ നിർദ്ധന കുടുംബത്തിന് വീട് നിർമിച്ചു നൽകി. രക്തദാന ക്യാമ്പ്, പഠനസഹായ വിതരണം, അനാഥാലയത്തിൽ അന്നദാനം, കിടപ്പ് രോഗികൾക്ക് ചികിത്സാസഹായം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. നാളെ വൈകിട്ട് 4 ന് നടക്കുന്ന ആദരിക്കൽ ചടങ്ങ് മുൻ പ്രതിപക്ഷ നേ താവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ, കോലിയക്കോട് കൃഷ്ണൻ നായർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. അടൂർ പ്രകാശ് എം.പി, കെ.പി.സി. സി സെക്രട്ടറി ബി.ആർ.എം ഷഫീർ, നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത, വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, തോന്നയ്ക്കൽ ജമാൽ, നബീൽ കല്ലമ്പലം തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ അജി കേശവപുരം, ബി. രത്നാകരൻപിള്ള, ജി.സുദർശനൻ, എ.പി. സന്തോഷ് ബാബു, തുളസീധരൻ നായർ, രാജേഷ് എന്നിവർ പങ്കെടുത്തു.