വെള്ളറട:കൃഷി പ്രധാന ഉപജീവനമാർഗമാക്കി കഴിയുന്ന മലയോരത്തെ ജനങ്ങളെ വലച്ച് വന്യമൃഗശല്യം ഏറുന്നു. കുരങ്ങുകളും കാട്ടുപന്നികളുമാണ് നാമ്പുപോലും മുളയ്ക്കാൻ അനുവദിക്കാത്ത തരത്തിൽ നാട്ടിൽ വിലസുന്നത്. വെള്ളറട, അമ്പൂരി, കള്ളിക്കാട്, ഗ്രാമപഞ്ചായത്തിലെ പന്നിമല,തേക്കുപാറ, കുട്ടമല, കണ്ടംതിട്ട, പാമ്പരംകാവ്, പുറുത്തിപ്പാറ, വാഴിച്ചൽ തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരാണ് ഏറെ വലയുന്നത്. കടംവാങ്ങിയും സ്വർണം പണയംവച്ചുമെല്ലാം കൃഷിയിറക്കിയ ഇവർക്ക് മുടക്കുമുതൽ പോലും തിരികെ ലഭിക്കാത്ത അവസ്ഥയാണ്.

ഈ അവസ്ഥ തുടങ്ങിയിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു.

മരച്ചീനി,​ വാഴ, ചേമ്പ്, തുടങ്ങിയ കാർഷിക വിളകൾ നടുന്നതിനെപ്പറ്റി ആലോചിക്കാൻ പോലും കർഷകർക്കാവുന്നില്ല. ഇവ മുളച്ചുതുടങ്ങുമ്പോൾ തന്നെ കാട്ടുപന്നികളുടെ ശല്യം തുടങ്ങും. ചിലസമയങ്ങളിൽ കുലയ്ക്കാറായ വാഴകളും ഇവർ കുത്തിമറിച്ചിടുന്നതോടെ അതുവരെയുള്ള കർഷകന്റെ അദ്ധ്വാനമെല്ലാം പാഴാവും. മാവും പുളിയും പ്ളാവും കായ്ച്ചുതുടങ്ങുന്നതോടെ വാനരന്മാരുടെ ശല്യവും ആരംഭിക്കും. ആഹാരംതേടിയെത്തുന്ന ഇവ മറ്റ് വിളകളും നശിപ്പിച്ച ശേഷമാണ് മടങ്ങുന്നത്. നാളികേരമാകട്ടെ വെള്ളയ്ക്ക് പരുവത്തിൽ തന്നെ കുരങ്ങുകൾ നശിപ്പിക്കുന്നതിനാൽ ധാരാളം തെങ്ങുകളുള്ള മലയോര കർഷകർ നാളികേരത്തിനായി അന്യനാടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

നഷ്ടക്കണക്കുകൾ മാത്രം

ഒരുകാലത്ത് എല്ലാനാണ്യവിളകളും സുലഭമായി കൃഷിചെയ്ത് ആദായം ലഭിച്ചിരുന്ന

മലയോര കർഷകന് ഇന്ന് പറയാൻ നഷ്ടത്തിന്റെ കണക്കുകൾ മാത്രം. കടംവാങ്ങിയാണ് പലരും കൃഷിയിറക്കിയിരുന്നത്. നഷ്ടം പതിവായതോടെ പലരും ആത്മഹത്യയുടെ വക്കിലാണ്. മറ്റ് കൃഷികൾ ഉപേക്ഷിച്ച് റബർ കൃഷിയിലേക്ക് തിരിയാമെന്ന് കരുതിയാൽ വിലയിടിവ് കാരണം അതും നഷ്ടത്തിലാണെന്നാണ് കർഷകർ പറയുന്നത്.

പരാതികൾ പതിരാകുന്നു

വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി കർഷകർ മുട്ടാത്ത വാതിലുകളില്ല. ഇതിനായി നിവേദനങ്ങൾ പലതും പലർക്കും നൽകി.

തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം കർഷകരോട് വാഗ്ദാനപ്പെരുമഴ നടത്തുന്ന രാഷ്ട്രീയകക്ഷികളാകട്ടെ പിന്നീട് ഇത് സൗകര്യപൂർവം മറക്കാറാണ് പതിവ്.