മലയിൻകീഴ്: കാട്ടാക്കട നിയോജക മണ്ഡലത്തിലെ വ്യാവസായിക വളർച്ചയ്ക്ക് ആക്കംകൂട്ടുന്നതിന് വിഭാവനം ചെയ്തിട്ടുള്ള കാട്ടാൽ ഇൻഡസ്ട്രിയൽ

ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ രൂപീകരണ ഉദ്ഘാടനം 22ന് വൈകിട്ട് 3ന് മന്ത്രി പി. രാജീവ് തൂങ്ങാംപാറ കാളിദാസ ഓഡിറ്റോറിയത്തിൽ നിർവഹിക്കുമെന്ന് ഐ.ബി.സതീഷ് എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും.

അഞ്ചുവർഷം കൊണ്ട് കാട്ടാക്കടയെ കേരളത്തിലെ ഏറ്റവും മികച്ച വ്യവസായ

സൗഹൃദ നിയോജക മണ്ഡലമാക്കാനാണ് കൗൺസിലിൽ ലക്ഷ്യമിടുന്നത്. സുസ്ഥിരവും വികസനോന്മുഖവുമായ വ്യാവസായിക വളർച്ചയ്ക്കായി കാട്ടാക്കടയെ സജ്ജമാക്കും. മണ്ഡലത്തിലെ സംരംഭക സാദ്ധ്യതകൾ കണ്ടെത്തി

അതിനനുസരിച്ച് വ്യവസായ വികസനം സാദ്ധ്യമാക്കാനുള്ള ഇടപെടലുകൾ നടത്തും. സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിന്
സംരംഭകർക്ക് ആവശ്യമായ പരിശീലനവും വിദഗ്‌ദ്ധോപദേശങ്ങളും നൽകുമെന്നും എം.എൽ.എ അറിയിച്ചു. സംഘാടകസമിതി ചെയർമാനും മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എ.സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ,നേമം ബി.ഡി.ഒ അജികുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.