തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ ലളിതമായ ചടങ്ങുകളോടെ 98-ാം പിറന്നാളാഘോഷിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളാൽ മകൻ വി.എ. അരുൺകുമാറിന്റെ തിരുവനന്തപുരം ബാർട്ടൺഹില്ലിലെ വസതിയിൽ വിശ്രമത്തിലുള്ള വി.എസ് പതിവുപോലെ കുടുംബാംഗങ്ങൾക്കൊപ്പമാണ് ജന്മദിനം ആഘോഷിച്ചത്. കൊവിഡ് മാനദണ്ഡം പാലിച്ചും കർശന ശ്രദ്ധ വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം പരിഗണിച്ചും സന്ദർശകരെ അനുവദിച്ചിരുന്നില്ല.
രാവിലെ പതിവ് പത്രവായനയ്‌ക്ക് ശേഷം പ്രാതൽ കഴിച്ച് വിശ്രമിച്ചു. ഉച്ചയ്ക്ക് ഭാര്യ വസുമതി, മക്കളായ അരുൺകുമാർ, ആശ, മരുമക്കളായ ഡോ. രജനി, ഡോ. തങ്കരാജ്, ചെറുമക്കളായ അരവിന്ദ്, അർജുൻ എന്നിവർക്കൊപ്പം പായസം കൂട്ടി ഊണ് കഴിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫോണിൽ വിളിച്ച് പിറന്നാളാശംസ നേർന്നു. നേരിട്ട് കാണാൻ താത്പര്യമറിയിച്ചെങ്കിലും സാഹചര്യം മനസിലാക്കി ഒഴിവാക്കി. തുടർന്ന് ആശംസ നേർന്നുകൊണ്ട് രാജ്ഭവനിൽ നിന്ന് വി.എസിന് ബൊക്കെ അയച്ചു.
'നിസ്വവർഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി.എസിന് ജന്മദിനാശംസകൾ" എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടിൽ ആശംസ അറിയിച്ചു. സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി 'വി.എസിന് വിപ്ലവാഭിവാദ്യങ്ങൾ" എന്ന് ട്വിറ്ററിൽ ആശംസ കുറിച്ചു. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി, പന്ന്യൻ രവീന്ദ്രൻ, വി.എം. സുധീരൻ, പി.കെ. ഗുരുദാസൻ, കാനം രാജേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മന്ത്രി പി. രാജീവ് തുടങ്ങിയവരും വി.എസിന് പിറന്നാളാശംസ നേർന്നു.
വി.എസിന്റെ പഴയ മണ്ഡലമായ മലമ്പുഴയിൽ നിന്നും ജന്മനാടായ പുന്നപ്രയിൽ നിന്നും നിരവധി പ്രവർത്തകർ ആരോഗ്യം നേർന്ന് ഫോണിൽ വിളിച്ചു.