വിതുര: ആനപ്പാറ തലത്തൂതക്കാവ് കടവിൽ ഞായറാഴ്ച ഉച്ചയോടെ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വിതുര ആനപ്പാറ അവാർഡ് ഗ്രാമം കോളനി സ്വദേശി ബിനുവിന്റെ (ബാബു - 50) മൃതദേഹമാണ് ഇവിടെനിന്ന് 8 കിലോമീറ്റർ മാറി താവയ്ക്കൽ കടവിൽ നിന്ന് കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയോടെ ബിനു ആറ്റിനക്കരെയുള്ള വനത്തിൽ മുള മുറിക്കാൻ പോയതായിരുന്നു. രാത്രി വൈകിയും തിരികെ എത്താത്തതിനാൽ തിങ്കളാഴ്ച രാവിലെ ബന്ധുക്കൾ വിതുര പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിനുവിന്റെ വസ്ത്രങ്ങളും ചെരുപ്പും വാമനപുരം നദിയുടെ തലത്തൂതക്കാവ് കടവിൽ നിന്ന് കണ്ടെത്തിയിരുന്നു. ശക്തമായ ഒഴുക്കുള്ള മേഖലയാണിവിടം. ഇയാൾ ആറ്റിൽ നിന്ന് മീൻപിടിക്കാനും പോകാറുണ്ടായിരുന്നു.
ഇന്നലെ രാവിലെ വിതുര ഫയർഫോഴ്സും, സ്കൂബാ ടീം പൊലീസും നാട്ടുകാരും ചേർന്ന് വ്യാപകമായി നടത്തിയ തെരച്ചിനൊടുവിലാണ് താവയ്ക്കൽ കടവിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. വിതുര സി.ഐ എസ്. ശ്രീജിത്, എസ്.ഐ എസ്.എൽ. സുധീഷ് എന്നിവർ ചേർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.