തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതിപ്പണം തട്ടിപ്പിനെതിരെ ബി.ജെ.പി കൗൺസിലർമാർ നിരാഹാര സമരമാരംഭിച്ചു. 22 ദിവസമായി നടത്തിവന്ന രാപ്പകൽ സമരത്തിന്റെ അടുത്തഘട്ടമെന്ന നിലയ്ക്കാണ് നിരാഹാര സമരം ആരംഭിച്ചത്. സാധാരണക്കാരുടെ വീട്ടുകരത്തിൽ നിന്ന് 35 ലക്ഷത്തോളം തട്ടിയെടുത്തവരെ സി.പി.എം സംരക്ഷിക്കുന്നെന്ന് ആരോപിച്ചാണ് സമരം. രാവിലെ 11ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ നിരാഹാര സമരം ഉദ്ഘാടനം ചെയ്‌തു. നിരാഹാരമനുഷ്ഠിക്കുന്ന കൗൺസിലർമാരെ അദ്ദേഹം ഷാൾ അണിയിച്ചു.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സുധീർ, സംസ്ഥാന സെക്രട്ടറി കരമന ജയൻ, അഡ്വ.എസ്. സുരേഷ്, സംസ്ഥാന കൗൺസിൽ അംഗം പോങ്ങുംമൂട് വിക്രമൻ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ കവാടത്തിൽ നടന്ന ധർണ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ.വി.ടി. രമ ഉദ്ഘാടനം ചെയ്‌തു. കൗൺസിലർമാർ നിരാഹാരം നടത്തുന്നതിനൊപ്പം എല്ലാദിവസവും കോർപ്പറേഷൻ കവാടത്തിൽ പകൽ സമയങ്ങളിൽ ബി.ജെ.പി പ്രവർത്തകരും രാത്രിയിൽ വിവിധ മോർച്ചകളും സത്യഗ്രഹം നടത്തും.