collector

കാസർകോട്: പ്ലാന്റേഷൻ കോർപ്പറേഷന്റെ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കുന്നത് സംബന്ധിച്ച് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് തേടും. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അദ്ധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗത്തിന്റെതാണ് തീരുമാനം. ഇതിനായി വിദഗ്ദ സമിതി രൂപീകരിക്കും. നിരോധിക്കപ്പെട്ട കീടനാശിനി നിർവീര്യമാക്കുന്നത് സംബന്ധിച്ച് പെസ്റ്റിസൈഡ് ആക്ടിൽ പറയുന്ന കാര്യങ്ങളെല്ലാം പരിശോധിച്ചാവും വിദഗ്ദ്ധ സമിതിയെ നിയോഗിക്കുക.

എൻഡോസൾഫാൻ നിർവീര്യമാക്കേണ്ടതുണ്ടെന്ന് യോഗം നിർദ്ദേശിച്ചു. ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമായിരിക്കും തുടർനടപടികളെന്നും കളക്ടർ അറിയിച്ചു.
നിലവിലെ പദ്ധതി കാർഷിക സർവകലാശാല ശാസ്ത്രജ്ഞർ യോഗത്തിൽ വിശദീകരിച്ചു. ആശങ്കകൾ പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സമരസമിതിയും ജില്ലാ പരിസ്ഥിതി സമിതിയും യോഗത്തിൽ ഉന്നയിച്ചു. വിശദമായ ചർച്ചകൾക്കൊടുവിലാണ് വിദഗ്ദ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്.
കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി. രാജ്‌മോഹൻ, എൻഡോസൾഫാൻ സെൽ ഡെപ്യൂട്ടി കളക്ടർ എസ്. സജീദ്, പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷൻ, കേരള കാർഷിക സർവകലാശാല ഡീൻ ഡോ. പി.കെ. മിനി, മുൻ ഡീൻ ഡോ. പി.ആർ. സുരേഷ്, കാർഷിക സർവകലാശാല ശാസ്ത്രജ്ഞരായ ഡോ. എൻ.കെ. ബിനിത, ഡോ. പി. നിധീഷ്, പ്ലാന്റേഷൻ കോർപറേഷൻ കേരള എൻജിനീയർ വിമൽ സുന്ദർ, അസി. എക്‌സൈസ് കമ്മീഷണർ എസ്. കൃഷ്ണ കുമാർ, എൻ.എച്ച്.എം ഡി.പി.എം. ഡോ. റിജിത് കൃഷ്ണൻ ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) ഡോ. ജോമി ജോസഫ്, മെഡിക്കൽ ഓഫീസർ(ഹോമിയോ) ഡോ. സി.എസ്. ആശാമേരി, സമരസമിതി പ്രതിനിധി പി.വി. സുധീർകുമാർ, ജില്ലാ പരിസ്ഥിതി സമിതി പ്രതിനിധി വി.കെ. വിനയകുമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.