വിതുര: വാസയോഗ്യമല്ലാത്ത ലയങ്ങളിൽ കഴിഞ്ഞിരുന്ന പൊന്മുടി മെർക്കിസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളെ വിതുര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പത്ത് കുടുംബങ്ങളിൽ നിന്നായി 28 തൊഴിലാളികളെയാണ് ഇന്നലെ രാത്രിയോടെ ഇവിടേക്ക് മാറ്റിയത്. എസ്റ്റേറ്റിലെ ലയങ്ങളിൽ ഭൂരിഭാഗവും മഴയത്ത് ചോർന്നൊലിക്കുകയാണ്. ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ് പല കെട്ടിടങ്ങളും. ഇവിടെ ഭീതിയോടെയാണ് തൊഴിലാളികൾ കഴിഞ്ഞിരുന്നത്.
ഒരാഴ്ചയായി കനത്ത മഴ പെയ്യുന്ന പൊന്മുടിയിൽ ശക്തമായ മഞ്ഞുവീഴ്ചയുമുണ്ട്. ഇവിടേക്കുള്ള ബസ് സർവീസും ഒരാഴ്ചയായി നിറുത്തിവച്ചിരിക്കുകയാണ്. പൊന്മുടിയിലേക്കുള്ള രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്. ഇതോടെ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ തൊഴിലാളികൾ ഒറ്റപ്പെട്ട നിലയിലായി.
ഈ അവസ്ഥയിൽ തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് നെടുമങ്ങാട് തഹൽസിൽദാർ ജെ.എൽ.അരുൺ, പൊന്മുടി പൊലീസ്, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് മടത്തറ ഷിനു, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇവരെ മാറ്റിപ്പാർപ്പിച്ചത്.