വിഴിഞ്ഞം: രണ്ടുദിവസം തകർത്തുപെയ്ത മഴയിൽ വെള്ളായണി പാലപ്പൂര് - പാപ്പാംചാണി ഏലായിൽ വെള്ളംകയറി വൻകൃഷി നാശം. നൂറുകണക്കിന് വാഴകൾ നശിച്ചു. കൊയ്‌ത്തിന് പാകമായ നെല്ല് വെള്ളത്തിനടിയിലായതോടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഏക്കറു കണക്കിന് സ്ഥലത്തെ മരച്ചീനി, പച്ചക്കറി കൃഷിയും നശിച്ചു. പാപ്പാംചാണി ജംഗ്ഷനിലും വെള്ളക്കെട്ടുണ്ടായി. സമീപത്തെ മൂന്നുവീടുകളിലും ഒരു ഹോട്ടലിലും വെള്ളംകയറി. വീട്ടുകാർ ബന്ധുവീടുകളിൽ അഭയം തേടി.
രണ്ടു ദിവസമായി പെയ്ത മഴയിൽ വെള്ളായണിയിലെ 90 ഓളം ഹെക്ടർ സ്ഥലത്തെ കൃഷിയാണ് വെള്ളത്തിൽ മുങ്ങിയത്. പണ്ടാരക്കരി ഭാഗങ്ങളിലും വെള്ളം കയറി. ഓണവിപണി ലക്ഷ്യമിട്ട് നട്ട വാഴകളാണ് വെള്ളത്തിലായതെന്ന് കർഷകർ പറഞ്ഞു. കോളിഫ്ളവർ, കാബേജ്, ചീര, വെള്ളരി, പടവലം എന്നീ വിളകളും നശിച്ചു. എലാകളിലെ അധികജലം പുറത്തുകളയുന്നതിനുള്ള കന്നുകാലിച്ചാൽ ആഴം കൂട്ടാത്തതാണ് വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്നാണ് കർഷകർ പറയുന്നത്.
മുൻ വർഷത്തെ നഷ്ടപരിഹാരവും ലഭിച്ചില്ല
വെള്ളായണി കായൽത്തീരത്തോട് ചേർന്ന പാലപ്പൂര് മുതൽ വെള്ളായണി വരെയുള്ള പ്രദേശത്തെ 400ഓളം കർഷകരുടെ കൃഷിയാണ് കനത്തമഴയിൽ മുങ്ങിയത്. ജില്ലയിലെ പ്രധാനപ്പെട്ട കാർഷിക മേഖലയാണ് കല്ലിയൂർ വെങ്ങാനൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പാലപ്പൂര് - പാപ്പാംചാണി പ്രദേശങ്ങൾ. മുൻ കാലങ്ങളിലെ കൃഷിനാശത്തിന് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇവിടത്തെ കർഷകർക്ക് ഇനിയും ലഭിച്ചിട്ടില്ല. ഇതോടെ ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്തവർ കടക്കെണിയുടെ നടുവിലായി.