വിഴിഞ്ഞം: തെന്നൂർക്കോണം ചിറയ്ക്കോട് തമ്പുരാൻ നാഗയക്ഷിക്കാവിൽ വീണ്ടും മോഷണം. ചൊവ്വാഴ്ച രാത്രിയിലാണ് ഉപദേവതാക്ഷേത്രം കുത്തിത്തുറന്ന് വിളക്കുകളും കാണിക്കവഞ്ചികളും അപഹരിച്ചത്. രണ്ടു മാസത്തിനിടെ നാലാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം മോഷ്ടാക്കൾ കവർന്ന കാണിക്കവഞ്ചികൾ പണം എടുത്തശേഷം സമീപത്ത് ഉപേക്ഷിച്ചതായി കണ്ടെത്തി. ഇവയിൽ എത്രരൂപ ഉണ്ടായിരുന്നെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. വിഴിഞ്ഞത്ത് സ്ഥരിമായി തമ്പടിക്കുന്ന നാടോടികളാകാം മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വിഴിഞ്ഞം എസ്.ഐ കെ.എൽ. സമ്പത്ത് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.