തിരുവനന്തപുരം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിൽ 15.31 കോടിയുടെ കൃഷിനാശമെന്ന് പ്രാഥമിക കണക്കുകൾ. വിവിധ മേഖലകളിലായി 5,913 കർഷകർക്കാണ് മഴ നാശം വിതച്ചത്. ഏകദേശം 640 ഹെക്ടർ കൃഷി നശിച്ചു. ഒക്ടോബർ 15 മുതൽ 20 വരെയുള്ള കണക്കാണിതെന്ന് പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ കെ.എം. രാജു അറിയിച്ചു.

വാഴ, നെല്ല്, പച്ചക്കറി എന്നിവയ്ക്കാണ് ഏറ്റവുമധികം നാശം നേരിട്ടത്. 256.9 ഹെക്ടർ വാഴ, 192.08 ഹെക്ടർ നെല്ല്, 96.03 ഹെക്ടർ പച്ചക്കറി കൃഷി എന്നിവയാണ് പ്രഥമിക കണക്കനുസരിച്ച് ജില്ലയിൽ നശിച്ചത്. കിഴങ്ങുവർഗവിളകളിൽ 69.12 ഹെക്ടർ സ്ഥലത്തെ മരച്ചീനി കൃഷി നശിച്ചു. ഒൻപത് ഹെക്ടർ മറ്റു കിഴങ്ങുവർഗ്ഗ വിളകളും നശിച്ചു. അടയ്ക്ക 6.08 ഹെക്ടർ, റബർ 5.9 ഹെക്ടർ, നാളികേരം 2.87 ഹെക്ടർ, കുരുമുളക് 1.52 ഹെക്ടർ, വെറ്റില 1.32 എന്നിങ്ങനെയാണ് മറ്റു വിളകളുടെ നഷ്ടം.

നഷ്ടക്കണക്കുകൾ ഇങ്ങനെ

ജില്ലയിൽ ഏറ്റവുമധികം കൃഷിനാശം സംഭവിച്ചിട്ടുള്ളത് പാറശാല, പള്ളിച്ചൽ, ആര്യൻകോട് ബ്ലോക്കുകളിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

പാറശാലയിൽ 148 ഹെക്ടറിലായി 3.06 കോടി രൂപ, പള്ളിച്ചൽ 96.57 ഹെക്ടർ: 3.87 കോടി രൂപ, ആര്യൻകോട് 67.58 ഹെക്ടർ: 2.50 കോടി രൂപ എന്നിങ്ങനെയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.പുളിമാത്ത് 81 ഹെക്ടറിൽ 1.86 കോടി രൂപ, നെയ്യാറ്റിൻകര 60.06 ഹെക്ടറിൽ 1.42 കോടി, ആറ്റിങ്ങൽ 55.05 ഹെക്ടറിൽ 86 ലക്ഷം, കഴക്കൂട്ടം 40.126 ഹെക്ടറിൽ 63 ലക്ഷം, കാട്ടാക്കട 25.55 ഹെക്ടറിൽ 45 ലക്ഷം, വാമനപുരം 11.8 ഹെക്ടറിൽ 25 ലക്ഷം, വർക്കല 16.334 ഹെക്ടറിൽ 24 ലക്ഷം, നെടുമങ്ങാട് 37.04 ഹെക്ടറിലായി 17 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി.