തിരുവനന്തപുരം: റെയ്ഡിനെത്തിയ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുന്നതിനിടെ കിള്ളിപ്പാലത്ത് പിടിയിലായ സംഘം കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത് ടാറ്റു സ്റ്റുഡിയോയുടെ മറവിലെന്ന് പൊലീസ്. ഇവർ പിടിയിലായ കിള്ളി ലോഡ്‌ജിലാണ് സ്റ്റുഡിയോ പ്രവർത്തിച്ചിരുന്നത്. നഗരത്തിലെ വിവിധയിടങ്ങളിലുള്ള ചില്ലറ വിൽപ്പനക്കാർക്ക് എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകളും കഞ്ചാവും വിതരണം ചെയ്യുന്ന സംഘമാണ് ഇവരെന്നും പൊലീസ് പറഞ്ഞു.
രണ്ട് -മൂന്ന് കിലോ പായ്ക്കറ്റുകളിലാണ് ഇവർ ചില്ലറ വിൽപ്പനക്കാർക്ക് ലഹരിവസ്തുക്കൾ നൽകുന്നത്. പല സംഘങ്ങൾക്കും ഒരുദിവസം എട്ടു കിലോ വരെ ലഹരി വിതരണം ചെയ്തതായുള്ള വിവരങ്ങൾ പരിശോധന നടത്തിയ മുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട രണ്ടുപേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. പിടിച്ചെടുത്ത ഫോണുകളിലെ രേഖകളും പരിശോധിക്കുന്നുണ്ട്. വൻകിട ലഹരി വിതരണക്കാരും ചില്ലറ വിതരണക്കാരും ആവശ്യക്കാരും അടക്കം നിരവധിപേർ ഇവരുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസികളെ ഭയപ്പെടുത്താനാണ് ഇവർ തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്നത്. ശ്രീകാര്യം, ഇടവക്കോട്, മുട്ടട, കരമന എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ സജീവമാണെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം സിറ്റി നാർക്കോട്ടിക് സെല്ലും കരമന പൊലീസും കിള്ളിപ്പാലത്തെ കിള്ളി ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകളും ആയുധങ്ങളുമടക്കം രണ്ടുപേരെ പിടികൂടിയത്.