kovalam

കോവളം: കൊവിഡ് വ്യാപനത്തിൽ തളർച്ചയിലായ കോവളം വിനോദസഞ്ചാരകേന്ദ്രം വീണ്ടും ഉണരുന്നു. സഞ്ചാരികളെ വരവേൽക്കാനായി 16 കോടിയുടെ വികസനമാണ് കോവളത്ത് നടക്കുന്നത്. ഇവ ഉടൻ പൂർത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. ബീച്ചിലെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.

കോവളം വികസനം അഭിമാന പദ്ധതിയായിക്കണ്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തീരത്തിനായി 10കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് കടൽഭിത്തി നിർമ്മിക്കാനാണ് തീരുമാനം. ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ലൈറ്റ് ഹൗസ് ബീച്ചിലേക്കുള്ള നടപ്പാത ടൈൽ പാകാൻ 41 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഈ പ്രവൃത്തി ഇന്ന് പൂർത്തിയാകും.

ഭൂഗർഭ കേബിളുകൾ സ്ഥാപിക്കൽ, അലങ്കാര ജോലികൾ എന്നിവയ്ക്കായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇവയുടെ നിർമ്മാണം അടുത്ത ആഴ്ച ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഇടറോഡുകളിൽ ലൈറ്റ് സ്ഥാപിക്കുന്നതിന് 24 ലക്ഷം രൂപ, 8 മിനി മാസ്റ്റ് ലൈറ്റുകൾ, വാട്ടർ കിയോസ്‌ക്കുകൾ, ഇടറോഡുകളിൽ 12 സി.സി ടി

വി കാമറകൾ എന്നിവ സ്ഥാപിക്കാൻ 10 ലക്ഷം രൂപയും ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഇവ പൂർത്തിയാകുന്നതോടെ ബീച്ചിന്റെ മുഖച്ഛായ മാറുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കും

ബീച്ചിൽ ഇനി നടത്തുന്ന എല്ലാ നിർമാണപ്രവർത്തനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോളും ടൂറിസം മാന്വലും നിർബന്ധമാക്കും. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സമയബന്ധിതമായി പരിഹരിക്കുമെന്നും അധികൃതർ പറയുന്നു. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികളും ഉടൻ പൂർത്തിയാക്കും. അടിസ്ഥാന സൗകര്യ വികസനത്തിലെ സ്ഥലപരിമിതി മറികടക്കാൻ സ്വകാര്യ മേഖലയിൽ ഉള്ളവരുമായടക്കം ചർച്ച നടത്തും. വൈദ്യുതി ലൈനുകളും മറ്റു കേബിളുകളും പൂർണമായും മണ്ണിനടിയിലൂടെയാക്കും.ടൂറിസം മേഖലയിലെ സാംസ്‌കാരിക പദ്ധതിയായിരുന്ന ഗ്രാമം പരിപാടി പുനരാവിഷ്‌കരിച്ച് നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

സഞ്ചാരികളെ കാത്ത്

സാധാരണ ഒക്ടോബർ മാസം മുതൽ കോവളത്തേക്ക് വിദേശ സഞ്ചാരികളുടെ ഒഴുക്കാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ രണ്ട് വർഷമായി എല്ലാം മാറിമറിഞ്ഞു. ടൂറിസം മേഖലയിൽ ഇളവുകൾ വന്നതോടെ ആഭ്യന്തര സഞ്ചാരികളിലായിരുന്നു തീരത്തിന്റെ പ്രതീക്ഷ. പൂജാ അവധിക്ക് ഉത്തരേന്ത്യയിൽ നിന്നുമാത്രം 500ൽ പരം പേരാണ് കോവളത്തെ ഹോട്ടലുകളിലും റിസോർട്ടുകളിലും റൂം ബുക്ക് ചെയ്തിരുന്നത്.

എന്നാൽ സംസ്ഥാനത്തെ പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പലരും യാത്ര ഉപേക്ഷിക്കുകയായിരുന്നു. ഇക്കൊല്ലം കൊവിഡ് വ്യാപനത്തിന്റെ തോതും കാലാവസ്ഥയും അനുകൂലമായാൽ കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് തീരത്തെ കച്ചവടക്കാരും ഹോട്ടലുടമകളും.