മലയിൻകീഴ്: മാറനല്ലൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു.
മേലാരിയോട് ആര്യശാലകോണം ഏലാൽ വിളാകം മുകേഷ് വിലാസത്തിൽ സത്യനാണ് (58) പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞ് വീണത്. ഉടനെ സ്റ്റേഷൻ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെ 10 ഓടെയാണ് സത്യൻ ബന്ധുക്കൾ തമ്മിലുള്ള വസ്തു തർക്കവുമായി ബന്ധപ്പെട്ട് പരാതിയുമായി ബന്ധുവിനൊപ്പം മാറനല്ലൂർ പൊലീസ് സ്‌റ്റേഷനിലെത്തിയത്. പരാതി നൽകിയശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പൊലീസ് ജീപ്പിൽ കണ്ടല സഹകരണ ആശുപത്രിയിലെത്തിച്ച ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സത്യൻ ഹൃദ്രോഹ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: ബീന. മക്കൾ: അനുപമ, അശ്വതി.