കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം 28ാം മൈലിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിനും കാൽനട യാത്രക്കാരനും ദാരുണാന്ത്യം. 28ാം മൈൽ - പള്ളിക്കൽ റോഡിൽ ഇന്നലെ രാത്രി 8നായിരുന്നു അപകടം. പൈവേലിക്കോണം കൃഷ്ണകൃപയിൽ
ഉണ്ണിക്കൃഷ്ണൻ - മിനി ദമ്പതികളുടെ മകൻ ഉമേഷ് ( 20 ), പൈവേലിക്കോണം രമാ മന്ദിരത്തിൽ സുരേഷ് ( 69 ) എന്നിവരാണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന സുരേഷിനെ ഇടിച്ച ശേഷം ഉമേഷ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സുരേഷ് കല്ലമ്പലത്തെ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരനാണ്. ഭാര്യ: ഗിരിജ. മക്കൾ: ശാലിനി, അമിത. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരിലൊരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ.