വിതുര: തെരുവുനായ ആക്രമണത്തിൽ വലഞ്ഞ് വിതുര,തൊളിക്കോട് പഞ്ചായത്തിലെ ജനങ്ങൾ. റോഡുകൾ കൈയടക്കി അലഞ്ഞുനടക്കുന്ന ഇവറ്റകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാതെ ഭയപ്പാടിലാണ് നാട്ടുകാർ.വന്ധ്യംകരണം അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പിച്ചുപറയുമ്പോഴും നായ്ക്കളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല.
പൊന്മുടി - നെടുമങ്ങാട് സംസ്ഥാനപാതയിലൂടെ യാത്രചെയ്യുന്നവർ എപ്പോഴും ജാഗ്രതപുലർത്തേണ്ട അവസ്ഥയാണ്. പൊന്തക്കാടുകളിൽ നിന്നും കടകളുടെ മറവിൽ നിന്നും എപ്പോൾ വേണമെങ്കിലും നായ്ക്കൾ ചാടിവീഴാം. ഇവ ടയറുകളിൽ വന്നിടിച്ച് ഇരുചക്രവാഹനങ്ങൾ മറിയുന്നതും പതിവ് സംഭവമാണ്.
പ്രധാന ജംഗ്ഷനുകൾ സഹിതം നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. നിരവധി പേരാണ് ഇവയുടെ ആക്രമണത്തിനിരയായത്. പുലർച്ചെ പത്രവിതരണത്തിനെത്തിയ ഏജന്റുമാരേയും നായ്ക്കൾ ആക്രമിച്ചിട്ടുണ്ട്. പരാതി പറഞ്ഞു മടുത്തെന്നും നായ്ക്കളെ അമർച്ച ചെയ്യാൻ അധികൃതർ ചെറുവിരലനക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. ഇതിനിടെ വിതുര,തൊളിക്കോട് മേഖലയിൽ തെരുവ്നായ്ക്കളെ രാത്രിയുടെ മറവിൽ വാഹനങ്ങളിൽ കൊണ്ടുവന്നുതള്ളിയ സംഭവവുമുണ്ടായി.
ഏറെ ഭയന്ന്....
വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ എത്തുന്നവർക്കാണ് തെരുവുനായ്ക്കൾ ഏറെ ഭീഷണി ഉയർത്തുന്നത്. ആശുപത്രി പരിസരം, സമീപത്തെ ഗവ. യു.പി.എസ്, ഗവ. ഹൈസ്കൂൾ, വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോ, വിതുര കലുങ്ക് ജംഗ്ഷൻ, മാർക്കറ്റ് ജംഗ്ഷൻ, കൊപ്പം, കെ.പി.എസ്.എം ജംഗ്ഷൻ, തേവിയോട്, ആനപ്പാറ, കല്ലാർ എന്നിവിടങ്ങളെല്ലാം നായ്ക്കൾ കൈയടക്കിക്കഴിഞ്ഞു.
വളർത്തുമൃഗങ്ങൾക്കും രക്ഷയില്ല
വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ തേവൻപാറ, ഭദ്രംവച്ചപാറ, നാഗര, പുളിച്ചാമല, പരപ്പാറ, ചായം, കൈതക്കുഴി, ചെറ്റച്ചൽ, ആനപ്പാറ, കല്ലാർ, തൊളിക്കോട്, പനയ്ക്കോട്, പറണ്ടോട്, തോട്ടുമുക്ക്, ആനപ്പെട്ടി, പരപ്പാറ, മേഖലകളിൽ വളർത്തുമുഗങ്ങളും കോഴികളും തെരുവുനായ്ക്കൾക്കിരയായി.
ആനപ്പെട്ടിയിലും പുളിമൂട്ടിലും പൗൾട്രി ഫാമുകളിൽ കയറിയ നായ്ക്കൾ ആയിരത്തോളം കോഴികളെയാണ് കടിച്ചുകൊന്നത്.
പൊറുതിമുട്ടി ജനം
പൊന്മുടി- വിതുര- നെടുമങ്ങാട് റോഡിന്റെ പലഭാഗങ്ങളിലും മാലിന്യ നിക്ഷേപവും വ്യാപകമാണ്. അറവുശാലകളിൽ നിന്നുള്ള മാലിന്യമാണ് ഇതിൽ ഏറെയും. ഇവയിൽ നിന്ന് ആഹാരം തേടിയെത്തുന്ന നായ്ക്കളാണ് ഏറെ അപകടകാരികൾ. ചോരകലർന്ന ആഹാരം കഴിച്ചുശീലിച്ച ഇവ പ്രകോപനമില്ലാതെയാണ് ജനങ്ങളെ ആക്രമിക്കുന്നത്.
"