തിരുവനന്തപുരം: ശംഖുംമുഖത്തെ തീരദേശ റോഡിന്റെ പണിക്ക് വേഗത കുറവെന്ന് പ്രദേശവാസികളുടെ ആക്ഷേപം. തകർന്നുപോയ ഭാഗം മണ്ണിട്ടുനികത്തി റോഡ് നിർമ്മിക്കാനുളള പദ്ധതിയാണ് ഒച്ചിഴയും വേഗത്തിൽ നീങ്ങുന്നത്. വിമാനത്താവളത്തിലേക്കും ശംഖുംമുഖത്തേക്കും എത്തുന്ന യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ഉറപ്പ്. കനത്ത മഴ പെയ്‌തിട്ടും കടൽ കയറാത്തതിൽ പ്രദേശവാസികളും ഭരണകൂടവും പ്രതീക്ഷയിലാണ്. എന്നാൽ നവംബർ മുതൽ തീരം പുനഃസൃഷ്‌ടിക്കുന്ന പ്രതിഭാസം ഉണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം കഴിഞ്ഞ കുറച്ചുവർഷമായി തീരത്തിന്റെ വ്യാപ്‌തി കുറഞ്ഞുവരികയാണെന്ന് സമുദ്ര ഗവേഷണരംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു. 2020 ജനുവരിയിൽ ശംഖുംമുഖത്ത് 35 മീറ്ററായിരുന്നു തീരത്തിന്റെ ദൈർഘ്യം. സാധാരണ മൺസൂണിൽ കടലെടുക്കുന്ന മണൽ തിരികെ നിക്ഷേപിക്കുന്നതിന്റെ അളവ് കുറയുകയാണ്. 2016 മുതൽ മൺസൂൺ കാലത്ത് കടലേറ്റത്തിൽ തീരത്തെ റോഡുകൾ തകർന്നുതുടങ്ങി. 5 വർഷത്തിനിടയിൽ റോഡിന്റെ പകുതിയിലധികവും കടലെടുത്തു. ഓരോ വർഷവും തീരത്തേക്ക് തിരികെ നിക്ഷേപിക്കുന്ന മണ്ണിന്റെ അളവ് കുറയുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മൺസൂൺ കാലത്ത് പുഴകളിലൂടെ മണ്ണ് ഒലിച്ച് സമുദ്രത്തിലെത്തുന്നത് കുറയുന്നത് തീരത്ത് പുതിയ മണ്ണടിയുന്നത് കുറയാൻ കാരണമാകുന്നു.
ഡയഫ്രം വാൾ നിർമ്മാണം
സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സി.ആർ.ആർ.ഐ) സാങ്കേതിക വിദ്യയിലാണ് ഡയഫ്രം വാൾ നിർമ്മിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണത്തെ ചെറുക്കുന്ന ഡിസൈനാണ് രൂപകല്പന ചെയ്‌തിരിക്കുന്നത്. ഉപരിതലത്തിൽ നിന്ന് എട്ടുമീറ്റർ കുഴിച്ച് അടിസ്ഥാനം നിർമ്മിച്ചാണ് ഡയഫ്രം വാൾ നിർമ്മിക്കുന്നത്. റോഡിൽ ഓരോ ലെയറായി മണ്ണിട്ട് ഉറപ്പിച്ച് ഉപരിതലം വരെ എത്തിച്ചശേഷം ടാർ ചെയ്യും. ഇനിയൊരു കടലാക്രമണം ഉണ്ടായാൽപ്പോലും പ്രതിരോധിക്കാൻ കഴിയുംവിധമാണ് നിർമ്മാണം. ഇതിനായി ഡയഫ്രം വാൾ നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും സി.ആർ.ആർ.ഐ അധികൃതർ പരിശോധിക്കും. 6.35 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. വിമാനത്താവളത്തിനും ശംഖുംമുഖം ടൂറിസം കേന്ദ്രത്തിനും ഇടയിലുളള 240 മീറ്റർ റോഡാണ് പഴയപടി ആക്കേണ്ടത്. തിരമാലകൾ ഇരച്ചുകയറി റോഡിലെ മണ്ണ് പൂർണമായും നഷ്‌ടപ്പെട്ട് വലിയ ഗർത്തം രൂപപ്പെട്ട നിലയിലാണ്.
ഡയഫ്രം വാൾ നിർമ്മിക്കാൻ അനുവദിച്ചത് - 6.35 കോടി രൂപ
ശംഖുംമുഖത്തെ റോഡെല്ലാം പൊളിഞ്ഞ് കിടക്കുകയാണ്. തദ്ദേശവാസികളുടെയും വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെയും ബുദ്ധിമുട്ടിന് യാതൊരു പരിഹാരവുമായില്ല. നവംബർ 12ന് വെട്ടുകാട് പള്ളിയിൽ തിരുന്നാൾ ആരംഭിക്കും. എന്നാൽ അങ്ങോട്ടേക്കുള്ള റോഡുകളുടെ അവസ്ഥ ശോചനീയമാണ്. കണ്ണാന്തുറ പള്ളിയുടെ ഭാഗത്ത് കോൺക്രീറ്റ് ചെയ്‌ത റോഡുകളെല്ലാം മഴക്കാലത്ത് തകർന്നു.
സെറാഫിൻ ഫ്രെഡി
വാർഡ് കൗൺസിലർ
ശംഖുംമുഖം റോഡ് നിർമ്മാണം ദ്രുതഗതിയിലാണ് നടക്കുന്നത്. മഴക്കാലമായിട്ടും പണി മുടങ്ങിയിട്ടില്ല. സമയബന്ധിതമായി തന്നെ പണി പൂർത്തിയാക്കും
ആന്റണി രാജു
ഗതാഗത വകുപ്പ് മന്ത്രി
തിരിച്ചുവരുമോ നല്ല കാലം?
തിരുവനന്തപുരം നഗരത്തിന്റെ തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞ് ശാന്തമായി ഇരിക്കാൻ നഗരവാസികൾ തിരഞ്ഞെടുത്തിരുന്ന സ്ഥലമാണ് ശംഖുംമുഖം. വിനോദസഞ്ചാരികളുടെയും സായാഹ്ന സവാരിക്കാരുടെയും ഇഷ്‌ടസ്ഥലമായിരുന്ന ശംഖുംമുഖം കടപ്പുറത്തിന് ഇനിയൊരു മടങ്ങിവരവുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ശംഖുംമുഖം ബീച്ചിനെ ആശ്രയിച്ച് കച്ചവടം നടത്തിയിരുന്നവരെല്ലാം ആശങ്കയിലാണ്. സുനാമി വന്നപ്പോൾ പോലും ഇതുപോലെയൊരു പ്രതിസന്ധി നേരിട്ടില്ല. കടൽ കൊണ്ടുപോയ മണ്ണ് നവംബറോടുകൂടി തിരികെ വരികയും പിന്നാലെ റോഡ് പണി പൂർത്തിയാവുകയും ചെയ്യുമെന്നാണ് ഇവരുടെ പ്രതീക്ഷ.