കുറ്റിച്ചൽ: കുറ്റിച്ചലിലെ രാഷ്ട്രീയ-സാമൂഹ്യ മേഖലയിലെ നിറസാന്നിദ്ധ്യവും
പാരലൽ കോളേജ് രംഗത്തെ കാരണവരുമായിരുന്ന ഡോ. ഡി. റസൽരാജ് സാറിന് നാടിന്റെ അന്ത്യാഞ്ജലി. ഡോ. ഡി. റസൽരാജ് മൂന്ന് പതിറ്റാണ്ടുകാലം പ്രിൻസിപ്പലായിരുന്ന കുറ്റിച്ചലിലെ ജീനിയസ് കോളേജ് സമാന്തര വിദ്യാഭ്യാസ രംഗത്ത് സുപ്രധാനമായ സ്ഥാനമർഹിക്കുന്ന സ്ഥാപനമാണ്. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ചിങ്ങിയ ജീനിയസ് സമുന്നത രാഷ്ട്രീയ നേതാക്കൾ മുതൽ ന്യായാധിപന്മാരെവരെ സംഭാവന ചെയ്തിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലായിരുന്നു പരുത്തിപ്പള്ളി സി.എസ്.ഐ പള്ളിയിലെ കപ്യാരായിരുന്ന പരേതനായ ഡേവിഡിന്റെയും നേശമ്മയുടെയും മകനായി ഡോ. റസൽരാജിന്റെ ജനനം. സംസ്കൃത കോളേജിൽ നിന്ന് എം.എ ബിരുദം നേടിയ ശേഷം കുറച്ചുകാലം അദ്ധ്യാപകനായി ജോലിചെയ്തു. പിന്നീടാണ് ജീനിയസ് കോളേജ് ഏറ്റെടുത്ത് നടത്തിയത്. ഒപ്പം പഠിച്ചവരെല്ലാം മറ്റ് ജോലികളിൽ വ്യാപൃതരായപ്പോൾ സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ആർ.വൈ.എഫിലൂടെ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്ത ഡോ. റസൽരാജ്
ആ രംഗത്തും ശോഭിച്ചു. 2005ൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ കുറ്റിച്ചൽ ഡിവിഷനിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രമുഖ്യം നൽകിയിരുന്ന ഇദ്ദേഹം റെഡ് ക്രോസിന്റെ സംസ്ഥാന സമിതിയംഗമായും പ്രവർത്തിച്ചിരുന്നു. വിദ്യാഭ്യാസ-രാഷ്ട്രീയ-സമൂഹ്യ പ്രവർത്തന മികവിന് ഓണററി ഡോക്ടറേറ്റും റസൽരാജിനെ തേടിയെത്തി. പരേതയായ ഡാർലിംഗ് റസൽരാജായിരുന്നു ഭാര്യ.
കുറച്ചുകാലമായി വിശ്രമജീവിതത്തിലായിരുന്ന ഡോ. റസൽരാജിന്റെ വിയോഗവാർത്തയറിഞ്ഞ് സമൂഹത്തിന്റെ നാനതുറകളിലുള്ള നിരവധിപേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ജി. സ്റ്റീഫൻ എം.എൽ.എ, ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ, ജില്ലാ പഞ്ചായത്തംഗം എ. മിനി, ബ്ലോക്ക് പഞ്ചായത്തംഗം ടി. സുനിൽ കുമാർ, കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കുറ്റിച്ചൽ വേലപ്പൻ, പരുത്തിപ്പള്ളി ചന്ദ്രൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.