കല്ലമ്പലം: കല്ലമ്പലത്ത് കാറുകൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. പെരിങ്ങമല പെന്നൂർ ഹജ്മിയിൽ അബൂബക്കർ (89), സുജിനാ ഹാഷിം (52), അസ്മി ഹാഷിം (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നഗരൂരിൽ നിന്ന് കല്ലമ്പലം ജംഗ്ഷൻ മറികടന്ന് വർക്കലയിലേക്ക് തിരിയവെ ആറ്റിങ്ങൽ ഭാഗത്ത് നിന്നുവന്ന ആലപ്പുഴ സ്വദേശിയുടെ കാറിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. ഈ പ്രദേശത്ത് ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളുടെ അഭാവമാണ് അപകടങ്ങൾക്ക് കാരണമെന്ന ആക്ഷേപം ശക്തമാണ്. ആറ് മാസത്തിനിടയിൽ ഇവിടെ ഇരുപതോളം അപകടങ്ങളിലായി അൻപതോളം പേർക്ക് പരിക്കേൽക്കുകയും 10ഓളം പേർ മരിക്കുകയും ചെയ്തിരുന്നു.