1

പൂവാർ: മഴപെയ്താൽ പൂവാർ കൊച്ചുതുറ റോഡിലൂടെ പിന്നെ വഴി നടക്കാൻ കഴിയില്ല. ഇവിടെ മഴപെയ്താൽ പിന്നെ റോഡ് തോടാകും. ഈ റോഡിലെ അതിരൂക്ഷമായ വെള്ളക്കെട്ട് കാരണം ജനം ദുരിതത്തിലായിട്ട് നാളുകൾ ഏറെയായി. നാട്ടുകാർ കാൽനടയാത്രയ്ക്ക് പോലും ഈ വഴി ഒഴിവാക്കുകയെ വഴിയുള്ളു. ഏറെപണിപ്പെട്ട് വെള്ളക്കെട്ട് താണ്ടുന്നതിനാൽ പലപ്പോഴും ട്രാഫിക് ബ്ലോക്കും ചെറിയ അപകടങ്ങളും ഇവിടെ പതിവാണ്. സ്പീഡിൽ പോകുന്ന വാഹനങ്ങൾ മലിനജലം സമീപത്തെ വീടുകളിലേക്ക് തെറിക്കുന്നത് പ്രദേശ വാസികൾക്ക് ബുദ്ധിമുട്ടായിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമാകുന്നതോടെ പുതിയതുറ, പള്ളം, പുല്ലുവിള ഭാഗങ്ങളിലുള്ളവർ പൂവാർ ഭാഗത്തേക്കും, കരുംകുളം, കല്ല്മുക്ക്, പൂവാർ ഭാഗങ്ങളിലുള്ളവർ പുല്ലുവിള ഭാഗത്തേക്കും എത്തിപ്പെടാൻ കിലോമീറ്ററുകൾ കൂടുതൽ സഞ്ചരിക്കേണ്ട ഗതികേടിലാണ്. നവംബർ 1ന് സ്കൂൾ തുറക്കുന്നതോടെ കൊച്ചുതുറ സെന്റ് ആന്റണീസ് എൽ.പി സ്കൂളിൽ കുട്ടികളെ അയയ്ക്കാൻ കഴിയാത്ത അവസ്ഥയിലണ്. വിവിധ ആവശ്യങ്ങൾക്കായി ഗ്രാമ വാസികൾക്ക് കരുംകുളം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ എത്തിപ്പെടാൻ കഴിയാതാവുന്നതും പ്രദേശവാസികളെെ ആശങ്കപ്പെടുത്തുന്നു. കൊച്ചുതുറ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നവർക്ക് വീടുകളിൽ എത്തണമെങ്കിൽ ഇവിടം നീന്തി കടക്കണം. എത്രയും വേഗം റോഡിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വെള്ളക്കെട്ടിന് കാരണം

മഴക്കാലത്ത് ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം കൊച്ചുതുറയിലെക്ക് ഒഴുകിയെത്തും. മഴവെള്ളം ഒഴുകി പോകാൻ ഓടകൾ ഇല്ലാത്തതിനാൽ വെള്ളം റോഡിൽ കെട്ടിനിൽക്കും. കൂടുതലാകുമ്പോൾ സമീപത്തെ മതിൽക്കെട്ടുകൾക്കിടയിലൂടെയും ഇടവഴികളിലൂടെയും വെള്ളം കുത്തിയൊഴുകി പള്ളിക്ക് പിറകിലെ ഗ്രൗണ്ടിൽ നിറയും. പിന്നെ ആഴ്ചകളോളം അവിടെ കെട്ടിനിൽക്കാറാണ് പതിവ്. ഇത് പ്രദേശത്തെ യുവാക്കളുടെ കായിക വിനോദത്തെ തടസ്സപ്പെടുത്തിയതോടെ മാസങ്ങൾക്ക് മുമ്പ് റോഡിൽ നിന്നും വെള്ളം ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നിടം കോൺക്രീറ്റ് ചെയ്ത് അടച്ചു. ഇതോടെ വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ റോഡിൽ തന്നെ കെട്ടിക്കിടക്കുകയാണ്.

ഇത്രയും ഗുരുതരമായ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ പരിഹാരം കണ്ടിട്ടില്ല.

*** കൊച്ചുതുറ മുതൽ ആഴാങ്കൽ വരെ ഏകദേശം 400 മീറ്റർ ദൂരം ഓട നിർമ്മിച്ച് പുതിയതുറ ആഴാങ്കൽ ഓടയുമായി ബന്ധിപ്പിക്കാനായാൽ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിയുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

**കൊച്ചുതുറയിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം കണക്കിലെടുത്ത് മഴക്കെടുതിയുമായി ബന്ധപ്പെടുത്തി വിഷയം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അടിയന്തര നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എം. വിൻസെന്റ് എം.എൽ.എ

ചർച്ച നടത്തി

ഇതിന്റെ ഭാഗമായി ഡെപ്യൂട്ടി കളക്ടർ സഞ്ജയ് ജേക്കബ് ജോൺ കൊച്ചുതുറയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. നെയ്യാറ്റിൻകര തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, കരുംകുളം വില്ലേജ് ഓഫീസർ, കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ചിഞ്ചു, വൈസ് പ്രസിഡന്റ് വി. മധുസൂദനൻ, കൊച്ചുതുറ സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. സിൽവസ്റ്റർ ആന്റണി എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ട്.