suresh

കല്ലമ്പലം : നാവായിക്കുളം ഇരുപത്തെട്ടാംമൈൽ - പൈവേലിക്കോണം റോഡിൽ ബൈക്കപകടത്തിൽപ്പെട്ട് യുവാവിനും വയോധികനും ദാരുണാന്ത്യം. ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രികനായ എസ്.എഫ്.ഐ നേതാവ് പൈവേലിക്കോണം കൃഷ്ണകൃപയിൽ ഉണ്ണികൃഷ്ണന്റെയും മിനിയുടെയും മകൻ ഉമേഷ്‌ കൃഷ്ണ (20), കല്ലമ്പലത്തെ സ്വകാര്യ ടെക്സ്റ്റൈൽസിലെ ജീവനക്കാരനായ പൈവേലിക്കോണം പോരിക്കോട്ടുകോണം രമാ മന്ദിരത്തിൽ സുരേഷ് (69) എന്നിവരാണ് മരിച്ചത്. ഉമേഷിനൊപ്പമുണ്ടായിരുന്ന പൈവേലിക്കോണം ശിവാലയത്തിൽ അനൂപിനെ (20) പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് ബൈക്കിൽ മടങ്ങുകയായിരുന്നു ഉമേഷും അനൂപും. ജോലി കഴിഞ്ഞ് ഇരുപത്തെട്ടാംമൈലിൽ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു സുരേഷ്. കനത്തമഴയിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡ് മറികടക്കുകയായിരുന്ന സുരേഷിനെ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചു വീണ സുരേഷിനെയും ഉമേഷിനെയും ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സുരേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ 5 മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഗിരിജയാണ് ഭാര്യ. മക്കൾ: ശാലിനി, അമിത. മരുമക്കൾ: രജീഷ്, പ്രേംകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.

പള്ളിക്കൽ യു.ഐ.ടിയിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ് ഉമേഷ്‌ കൃഷ്ണ. സഹോദരി:ഉമ. അച്ഛൻ ഉണ്ണികൃഷ്ണൻ വിദേശത്ത് നിന്ന് എത്തുന്നതോടെ മെഡിക്കൽകോളേജ് മോർച്ചറിയിലുള്ള മൃതദേഹം ഏറ്റുവാങ്ങി സംസ്ക്കരിക്കും.

അപകടത്തിൽ പരിക്കേറ്റ അനൂപ്‌ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.