തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സമഗ്രവികസനത്തിനായി മാസ്റ്റർപ്ലാൻ ഒരുക്കുന്നതിനാവശ്യമായ റിപ്പോർട്ട് തയ്യാറാക്കാൻ ഡി.സി.സി സമിതി രൂപീകരിച്ചു. ജില്ലയ്ക്കായി പ്രഖ്യാപിച്ച പല പദ്ധതികളും നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഡി.സി.സി ഇത്തരമൊരു സമിതി രൂപീകരിച്ചത്. എം.പിമാരായ ഡോ.ശശി തരൂർ,അടൂർ പ്രകാശ് എന്നിവർ രക്ഷാധികാരികളായ സമിതിയിൽ എം.വിൻസെന്റ് എം.എൽ.എയെ ചെയർമാനായും കെ.എസ്.ശബരീനാഥനെ കൺവീനറായും ടി.ശരത്ചന്ദ്രപ്രസാദ്,എൻ.ശക്തൻ,വി.എസ്.ശിവകുമാർ, കെ.മോഹൻകുമാർ,വർക്കല കഹാർ,പി.കെ.വേണുഗോപാൽ എന്നിവരെ അംഗങ്ങളായും ചുമതലപ്പെടുത്തിയതായി ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി അറിയിച്ചു.
തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷൻ,ചേംബർ ഒഫ് കൊമേഴ്സ്, വ്യാപാരസമിതികൾ,പ്ലാനിംഗ് ബോർഡ് ഉദ്യോഗസ്ഥർ, മറ്റ് വിദഗ്ദ്ധർ, മുൻ ചീഫ് സെക്രട്ടറിമാർ എന്നിവരിൽനിന്ന് നിർദേശങ്ങൾ സ്വീകരിച്ച് ഡി.സി.സിക്ക് സമിതി റിപ്പോർട്ട് കൈമാറും.നവംബർ 2ന് കമ്മിറ്റിയുടെ ആദ്യയോഗം ചേരും.