തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമാക്കി മുന്നേറുന്ന ഇടതുസർക്കാരിന്റെയും തിരുവനന്തപുരം നഗരസഭയുടെയും കർമ്മപദ്ധതിയിലെ ഒരേട് കൂടി യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. നഗരസഭയുടെയും വനിതാക്ഷേമ പദ്ധതിയുടെയും കീഴിൽ ഒരുങ്ങുന്ന സ്ത്രീസൗഹൃദ മുലയൂട്ടൽ കേന്ദ്രമടങ്ങുന്ന വിശ്രമമുറിയുടെയും കഫെറ്റീരിയയുടെയും നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം പേട്ട പള്ളിമുക്കിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ബാലകൃഷ്ണൻ മെമ്മോറിയൽ ചിൽഡ്രൻസ് പാർക്ക് കോമ്പൗണ്ടിലാണ് മുലയൂട്ടൽ കേന്ദ്രം ഒരുങ്ങുന്നത്. പൂർണമായും നഗരസഭയുടെ കീഴിൽവരുന്ന ഈ പദ്ധതി നഗരസഭാ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് യാഥാർത്ഥ്യമാക്കുന്നത്. പല സാഹചര്യങ്ങളിലും അത്യാവശ്യഘട്ടങ്ങളിൽ സ്ത്രീകൾക്ക് മുലയൂട്ടാനോ വിശ്രമിക്കാനോ വളരെ ബുദ്ധിമുട്ടനുഭവിക്കേണ്ട അവസ്ഥയാണ്. വൃത്തിഹീനമായ പൊതുശുചിമുറികൾ ഉപയോഗിക്കാൻ വൈമുഖ്യമുള്ളവർക്കും ഒന്ന് മനഃസമാധാനമായി വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ കേന്ദ്രം സഹായകരമാണെന്ന് പേട്ട വാർഡ് കൗൺസിലർ സി.എസ്. സുജാദേവി പറഞ്ഞു.
പ്രവേശനം സ്ത്രീകൾക്ക് മാത്രം
പൊതുഇടങ്ങളിൽ സ്ത്രീകളുടെ സ്വകാര്യതയും സുരക്ഷയും മുന്നിൽക്കണ്ടാണ് തിരുവനന്തപുരം നഗരസഭ ഈ സ്ത്രീസൗഹൃദ വിശ്രമകേന്ദ്രം ഒരുക്കുന്നത്. മുലയൂട്ടൽ കേന്ദ്രവും ശുചിമുറിയും ഉൾപ്പെടുന്ന ഈ വിശ്രമമുറിയിൽ സ്ത്രീകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. അതും തികച്ചും സൗജന്യം. പൊതുവിൽ ഇത്തരം സ്ത്രീസൗഹൃദ കേന്ദ്രങ്ങൾ കുറവാണ്. ഉണ്ടെങ്കിൽത്തന്നെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. കേരളകൗമുദി ഓഫീസിന് എതിർവശമുള്ള ബാലകൃഷ്ണൻ മെമ്മോറിയൽ ചിൽഡ്രൻസ് പാർക്ക് കോമ്പൗണ്ടിലെ ഒരു ഭാഗമാണ് വിശ്രമകേന്ദ്രത്തിനായി നവീകരിക്കുന്നത്. ഏതാണ്ട് അഞ്ഞൂറ് സ്‌ക്വയർഫീറ്റിൽ നിർമ്മിക്കുന്ന കേന്ദ്രത്തിന്റെ ആകെ ചെലവ് 25 ലക്ഷം രൂപയാണ്.
ഒപ്പം കഫെറ്റീരിയയും
വിശ്രമകേന്ദ്രത്തിനൊപ്പം കരാറടിസ്ഥാനത്തിൽ ഒരു കഫെറ്റീരിയയും ഉണ്ടാവും. വിശ്രമകേന്ദ്രത്തിന്റെ ശരിയായ നടത്തിപ്പിനും ശുചീകരണത്തിനും വേണ്ടിയാണ് ഇത്തരത്തിൽ കരാർ ഏർപ്പെടുത്തി കഫെറ്റീരിയ പ്രവർത്തിപ്പിക്കുന്നത്. വിശ്രമകേന്ദ്രത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് കഫെറ്റീരിയ നടത്തിപ്പുക്കാരാണ്. കഫെറ്റീരിയയിൽ ലിംഗഭേദമെന്യേ ആർക്കും പ്രവേശിക്കാം. പേട്ട റെയിൽവേ സ്റ്റേഷനിൽ വരുന്നവർക്കും, സമീപ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും, പാർക്കിൽ വരുന്നവർക്കും, ഈ പ്രദേശത്ത് മറ്റ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്നവർക്കും വിശ്രമമുറിയുടെയും കഫെറ്റീരിയയുടെയും സേവനങ്ങൾ ആസ്വദിക്കാം. പാർക്കിനുള്ളിലെ ഓപ്പൺ ഓഡിറ്റോറിയത്തിന് യാതൊരു മാറ്റവും വരാത്തരീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നതെന്ന് പദ്ധതിയുടെ ചുമതലയുള്ള നഗരസഭ ഓവർസിയർ സതീഷ് .എസ് പറഞ്ഞു.