fab-lab

തിരുവനന്തപുരം: ഹാർഡ്‌വെയർ രംഗത്ത് കേരളത്തിന്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ ഫാബ്‌ ലാബ് കേരളയുടെ കിരീടത്തിൽ പൊൻതൂവലായി ആദ്യ അന്താരാഷ്‌ട്ര പുരസ്‌കാരം. ലോകത്തെ മികച്ച ഫാബ് ലാബിനുള്ള ഫെയിമിന്റെ (ഫാബ് അക്കാഡമി മാസ്റ്റർപീസ് എക്സിക്യൂഷൻ) പ്രഥമ പുരസ്‌കാരമാണ് ഫാബ്‌ ലാബ് കേരള ചൂടിയത്.

അമേരിക്കയിലെ ഫാബ് അക്കാഡമിയാണ് ലോകത്തെ തിരഞ്ഞെടുത്ത 18 നോമിനികളിൽ നിന്ന് ഓൺലൈൻ വോട്ടിംഗിലൂടെ വിജയിയെ കണ്ടെത്തിയത്. ഇന്റർനെറ്റ്, മൊബൈൽ ആപ്പ് എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഉത്പന്നത്തിന് ഏറ്റവും കൂടുതൽ വോട്ടുകൾ നേടി തിരുവനന്തപുരം ആസ്ഥാനമായ ഫാബ് ലാബ് കേരള ഒന്നാംസ്ഥാനത്തെത്തി.

ആൽബി ടോമി വികസിപ്പിച്ച, സന്ദേശത്തിനനുസരിച്ച് സമയവും ടോക്കൺ നമ്പറും കാണിക്കുന്ന ഉത്പന്നമാണ് ഫാബ് കേരളയെ പുരസ്‌കാരത്തിന് അർഹമാക്കിയത്. ഇത് ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായത്തിലും പ്രവ‌ർത്തിപ്പിക്കാം. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് ലാബുകൾ പ്രവർത്തിക്കുന്നത്. കൊച്ചിയിലെ സൂപ്പർ ലാബിലാണ് ഉത്പന്നം വികസിപ്പിച്ചത്. പുരസ്കാരം പിന്നീട് സമ്മാനിക്കും.

കൊച്ചിയിലെ സൂപ്പർ ലാബ്

അമേരിക്കയിലെ മാസച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുമായി (എം.ഐ.ടി) സഹകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷനാണ് ലാബ് ആരംഭിച്ചത്. അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യ സൂപ്പർ ഫാബ് ലാബാണ് കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്‌സിലേത്. ഏഴ് കോടിയിലേറെ രൂപയുടെ അത്യാധുനിക യന്ത്രങ്ങൾ ഇവിടെയുണ്ട്.