മലയിൻകീഴ്: കൊവിഡനന്തര ചികിത്സയിലിരിക്കെ മരിച്ച ഡി.സി.സി അംഗം തച്ചോട്ടുകുന്ന് വിറകുവെട്ടികോണത്ത് ലാൽ ഭവനിൽ കെ. ഷിബുലാലിന് (49) നാട് വിടചൊല്ലി. ഇന്നലെ രാവിലെ മലയിൻകീഴ് ജംഗ്ഷൻ, മലയിൻകീഴ് ഗവ.ഗേൾസ് സ്കൂൾ അങ്കണം, മേപ്പൂക്കട ജംഗ്ഷൻ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫീസ്, നേമം ബ്ലോക്ക് പഞ്ചാത്ത് ഓഫീസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

തുടർന്ന് തറട്ട ജംഗ്ഷനിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുശോചന യോഗത്തിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ്ബാബു, യു.ഡി.എഫ് കൺവീനർ ബാലരാമപുരം കരീം, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ചന്ദ്രൻനായർ, കോൺഗ്രസ് വിളപ്പിൽ ബ്ലോക്ക് പ്രസിഡന്റ് എ. ബാബുകുമാർ, കോൺഗ്രസ് നേതാക്കളായ ജി. പങ്കജാഷൻ, മലയം ശ്രീകണ്ഠൻനായർ, എൻ.ഷാജി, എൽ. അനിത, എസ്. ശോഭനകുമാരി ബി.ജെ.പി നേതാവ് മനോജ് എന്നിവർ സംസാരിച്ചു.

മൂന്നുപ്രാവശ്യം മലയിൻകീഴ് ഗ്രാമപഞ്ചായത്തംഗവും ഒരുപ്രാവശ്യം നേമം ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു ഷിബുലാൽ. കൊവിഡ് മുക്തനായ ശേഷം ശ്വാസതടസവും പനിയും അനുഭവപ്പെട്ടതിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം.