ആര്യനാട്: ആര്യനാട്ട് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദേശ്വരം അണിയിലക്കടവ് മിഥുനാലയത്തിൽ മിഥുന്റെ ഭാര്യ ആർ.ആദിത്യയെയാണ് (23) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഇന്നലെ രാവിലെ 8.30തോടെ ഭർത്താവിന് കൊണ്ടുപോകാനായി ആദിത്യ ഭക്ഷണം പൊതിഞ്ഞ് നൽകിയിരുന്നു. പിന്നീട് കുളിക്കാൻ എന്നു പറഞ്ഞ് കയറിയ ആദിത്യയെ ഏറെസമയം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് വീട്ടുകാർ മുറിയുടെ വാതിലിൽ തട്ടിവിളിച്ചു. പ്രതികരണമില്ലാതായതോടെ പുറത്ത് നിന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്. നിലവിളി കേട്ട് എത്തിയ സമീപവാസികൾ കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കയറി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യക്തമല്ല. തഹസിൽദാർ മോഹനകുമാരൻ നായരുടെ സാന്നിദ്ധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഒാഗസ്റ്റ് 25നായിരുന്നു ഇവരുടെ വിവാഹം. രഘുവിന്റെയും ഇന്ദിരയുടെയും മകളാണ് ആദിത്യ. സഹോദരി അക്ഷര.