veed

വിതുര: ആര്യനാട്, വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ മീനാങ്കൽ പന്നിക്കുഴി മേഖലയിൽ കനത്തമഴയിലും മലവെള്ളപ്പാച്ചിലിലും ഒരുവീട് പൂർണമായും തകരുകയും 15 വീടുകളിൽ വെള്ളംകയറുകയും ചെയ്തു.

മണിക്കൂറുകളോളം പ്രദേശം വെള്ളത്തിനടിയിലായി. വെള്ളംകയറിയ വീടുകളിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വ്യാപക കൃഷിനാശവുമുണ്ടായി. ഇന്നലെ രാവിലെ മുതൽ പെയ്തുതുടങ്ങിയ മഴ ഉച്ചയോടെ ശക്തിപ്രാപിച്ചു. മേഖലയിലെ അരുവികളും തോടുകളും നിറഞ്ഞൊഴുകി. പേപ്പാറ വനമേഖലയിലും ശക്തമായ മഴപെയ്തതോടെ പന്നിക്കുഴിയിലിലേക്ക് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.

ഇതിൽപ്പെട്ടാണ് പന്നിക്കുഴി തടത്തരികത്ത് അജിതകുമാരിയുടെ വീട് പൂർണമായും തകർന്നത്. അജിതകുമാരി ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലും വെള്ളംകയറിത്തുടങ്ങിയപ്പോൾത്തന്നെ അടുത്തവീട്ടിൽ അഭയംതേടിയതിനാൽ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. വെള്ളംകയറിയ മറ്റ് വീടുകളിലുള്ളവരും സമീപത്തെ വീടുകളിലേക്ക് മാറി. പ്രദേശത്ത് 23 വീടുകളാണ് ആകെയുള്ളത്. ഇതിൽ പതിനാറെണ്ണത്തിലും മലവെള്ളം നാശംവിതച്ചു.

നെടുമങ്ങാട് തഹസിൽദാർ ജെ.എൽ. അരുൺ, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ, വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, പേപ്പാറ വാർഡ് മെമ്പർ ലതാകുമാരി, വിതുര എസ്.എച്ച്.ഒ എസ്. ശ്രീജിത്ത്,വിതുര എസ്.ഐ എസ്.എൽ. സുധീഷ് എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

78 പേരെ മാറ്റിപ്പാർപ്പിച്ചു

ശക്തമായ മഴ തുടരുന്നതിനാൽ പന്നിക്കുഴിയിലെ 23 കുടുംബങ്ങളിലുള്ള 78 പേരെ മീനാങ്കൽ ഗവ. ട്രൈബൽ സ്കൂളിൽ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഒരാഴ്ച മുമ്പ് പെയ്ത കനത്തമഴയത്തും പന്നിക്കുഴിയിൽ വെള്ളം കയറിയിരുന്നു. താഴ്ന്ന പ്രദേശമായതിനാൽ ഇവിടെ മഴക്കാലത്ത് നാശനഷ്ടങ്ങൾ പതിവാണ്. വീട് തകർന്നവർക്കും കൃഷിനാശം സംഭവിച്ചവർക്കും അടിയന്തര സഹായം ലഭ്യമാക്കണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽകുമാർ ആവശ്യപ്പെട്ടു.

വിതുരയിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി

വിതുര, തൊളിക്കോട് പഞ്ചായത്തുകളിലും ഇന്നലെ ഉച്ചയോടെ പെയ്ത കനത്തമഴയിൽ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങി. പൊന്മുടി-തിരുവനന്തപുരം സംസ്ഥാനപാതയിലെ മിക്ക ജംഗ്ഷനുകളിലും വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതതടസം ഉണ്ടാകുകയും ചെയ്തു.

പൊന്മുടി, ബോണക്കാട്, പേപ്പാറ വനമേഖലയിലും മഴ ശക്തമായിരുന്നു. പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നിലവിൽ ഡാമിലെ ഷട്ടറുകൾ 40 സെന്റിമീറ്ററാണ് ഉയർത്തിയിരിക്കുന്നത്.