photo

നെടുമങ്ങാട്: കാലവർഷം വീണ്ടും കനത്തതോടെ വെള്ളപ്പൊക്ക ഭീതിയിലായ മലയോര നിവാസികളെ റവന്യു, തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ ഉച്ചയോടെ ശക്തിപ്രാപിച്ച മഴയിൽ കരമന, വാമനപുരം, കിള്ളിയാറുകളും ചിറ്റാറും കരകവിഞ്ഞതിനെ തുടർന്നാണ് നടപടി.

കരമനയാറിന്റെ കരയിലുള്ള പതിനഞ്ചും വാമനപുരം നദീതീരത്തെ പത്തും ചിറ്റാർ തീരത്തെ അഞ്ചും കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.

കരകുളം, അരുവിക്കര, ആര്യനാട്, വിതുര, തെന്നൂർ, പാലോട്, കുറുപുഴ, പനവൂർ വില്ലേജുകളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. മീനാങ്കലിൽ മാത്രം 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുറുപുഴ, ആനാട്, പനവൂർ വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ചെങ്കോട്ട അന്തർസംസ്ഥാന പാതയിലെ ഇളവട്ടം, കുറുപുഴ ഭാഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു. ആറ്റിൻപുറം, മീൻമുട്ടി ഭാഗങ്ങളിൽ വെള്ളം കയറി തീരങ്ങൾ ഇടിഞ്ഞു. കരമനയാറിന് കുറുകെ അരുവിക്കരയിൽ നിർമ്മിച്ചിട്ടുള്ള ജലസംഭരണിയുടെ സുരക്ഷാഭിത്തി തകർന്നു.

തോട്ടം തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു

തെന്നൂർ വില്ലേജിന്റെ പരിധിയിലുള്ള പൊന്മുടി, മർച്ചിസ്റ്റൻ എസ്റ്റേറ്റുകളിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് 28 കുടുംബങ്ങളെ വിതുര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. പൊന്മുടിയിൽ ആരംഭിച്ച താത്കാലിക ക്യാമ്പ് ഷെഡ് പ്രായോഗികമല്ലെന്ന വിദഗ്ദ്ധ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തോട്ടംതൊഴിലാളി കുടുംബങ്ങൾക്കായി പ്രത്യേകം റിലീഫ് ക്യാമ്പ് തുറന്നത്.

പാറമട ഇടിഞ്ഞു, 30 കുടുംബങ്ങൾ ഭീതിയിൽ

ആനാട് താന്നിമൂടിന് സമീപം പറയങ്കാവ് തൊഴുകിന്മേലിൽ പാറമട ഇടിഞ്ഞുവീണതോടെ താഴ്വാരത്തെ 30 കുടുംബങ്ങൾ ഭീതിയിൽ. മിക്ക വീടുകളുടെയും ചുമരുകളിൽ വിള്ളൽ വീണു. കഴിഞ്ഞദിവസം രാത്രിയിലാണ് ഉഗ്രശബ്ദത്തോടെ പാറമട ഇടി‌ഞ്ഞത്. 10 സെന്റിലേറെ സ്ഥലത്ത് വ്യാപകമായ ഖനനമാണ് ഇവിടെ നടക്കുന്നത്. കുന്നിൻമുകളിൽ ഏതുനിമിഷവും നിലം പൊത്താമെന്ന അവസ്ഥയിൽ നിലകൊള്ളുന്ന കൂറ്റൻ പാറയും വീട്ടുകാരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു.

റവന്യൂസംഘം സന്ദർശിച്ചു

സുരക്ഷാഭീതി നിലനിൽക്കുന്ന മുഴുവൻ പ്രദേശങ്ങളിലും നെടുമങ്ങാട് തഹസിൽദാർ ജെ.എൽ. അരുണിന്റെ നേതൃത്വത്തിൽ റവന്യു സംഘം സന്ദർശനം നടത്തി. ജില്ലാ കളക്ടറുടെ നിർദേശാനുസരണം പാറ ഖനനം തടഞ്ഞിട്ടുണ്ടെന്നും അപകടഭീതി നിലനിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും തഹസിൽദാർ അറിയിച്ചു. നദീതീരങ്ങളിൽ താമസിക്കുന്നവരും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്.

30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

അരുവിക്കര ജലസംഭരണിയുടെ സുരക്ഷാഭിത്തിയിൽ വിള്ളൽ

തൊഴുകിന്മേൽ പാറമട തകർന്നു

30 കുടുംബങ്ങൾ അരക്ഷിതാവസ്ഥയിൽ

ചെങ്കോട്ട ഹൈവേയിൽ വെള്ളക്കെട്ട്

ഭീതിയിലായ വില്ലേജുകൾ

കരകുളം

അരുവിക്കര

ആര്യനാട്

വിതുര

തെന്നൂർ

പാലോട്

കുറുപുഴ

പനവൂർ