rain

തിരുവനന്തപുരം: ഇന്നലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ച തലസ്ഥാനത്ത് ഉച്ചയോടെ പലയിടത്തും ഇടിമിന്നലോടുകൂടി മഴപെയ്തു. ഉച്ചയോടെ ജില്ലയിലും നഗരത്തിലും തെളിഞ്ഞ കാലാവസ്ഥ മാറുന്ന കാഴ്ചയാണ് അനുഭവപ്പെട്ടത്. നഗരമേഖലകളിൽ മഴ തുടങ്ങിയില്ലെങ്കിലും ഇരുണ്ട കാലാവസ്ഥയും മഴക്കോളുമുള്ളതിനാൽ രാത്രിയോടെ മഴ പെയ്യാൻ സാദ്ധ്യതയേറെയാണ്. ജില്ലയിലെ മലയോര മേഖലകളിലും നഗരസഭാ പരിധിയിലെ ഉൾപ്രദേശങ്ങളിലും ഉയർന്നമേഖലകളിലും മഴ ശക്തമായിരുന്നു. പ്രധാന നഗരപ്രദേശങ്ങളിൽ വലിയതോതിൽ മഴ പെയ്തില്ലെങ്കിലും ചാറ്റൽമഴ അനുഭവപ്പെട്ടു. എന്നിരുന്നാലും മഴമുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ നിലവിൽ വിവിധ വകുപ്പുകൾ എടുത്തിരിക്കുന്ന പ്രതിരോധ നടപടികൾ തുടരണമെന്നും പൊതുജനം ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു. രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും റോഡിലൂടെ യാത്രചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്നും വെള്ളക്കെട്ടിൽ ഇറങ്ങുകയോ വെള്ളത്തിൽവീണ വൈദ്യുതി ലൈനുകൾ മാറ്റാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും അഗ്നിശമന സേനയുടെയും നിർദ്ദേശമുണ്ട്. പ്രതികൂല സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാണെന്നും നിലവിൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സൗകര്യാർത്ഥം ക്യാമ്പുകളിൽ തുടരാമെന്നും നഗരസഭാ അധികൃതർ പറഞ്ഞു. മഴ രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.