തിരുവനന്തപുരം: കോർപ്പറേഷനിലെ നികുതിപ്പണം തട്ടിയെടുത്ത ഉദ്യോഗസ്ഥ മാഫിയ സി.പി.എമ്മിനെ ബ്ലാക്ക്മെയിൽ ചെയ്യുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ആരോപിച്ചു. പല പ്രതികളും സി.പി.എമ്മിനെ ഭീഷണിപ്പെടുത്തുന്നു. തങ്ങളെ അറസ്റ്റുചെയ്താൽ ആരൊക്കെ പങ്കുപറ്റിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമെന്നാണ് ഭീഷണി. ഇത് ഇടതുപക്ഷത്തിന് രാഷ്ട്രീയമായി വൻ തിരിച്ചടിയാകും. തലസ്ഥാനത്ത് വലിയൊരു തട്ടിപ്പും അതിനെത്തുടർന്നുള്ള ശക്തമായ സമരവും നടന്നിട്ടും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും പ്രതികരിക്കാത്തതിന് കാരണമിതാണ്.

ഉദ്യോഗസ്ഥരും സി.പി.എമ്മും പൊലീസും ചേർന്ന വലിയൊരു തട്ടിപ്പുനിര ഇതിനുപിന്നിൽ പ്രവർത്തിക്കുന്നുണ്ട്. നഗരസഭയ്ക്കുള്ളിൽ നിരാഹാരമനുഷ്ഠിക്കുന്ന കൗൺസിലർമാരിൽ രണ്ടുപേരുടെ ആരോഗ്യാവസ്ഥ മോശമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോർട്ട് കൗൺസിലർ ജാനകിഅമ്മാളും പാങ്ങോട് കൗൺസിലർ പത്മലേഖയുമാണ് ആശുപത്രിയിലുള്ളത്. നിരാഹാരമനുഷ്ഠിക്കുന്ന 35 കൗൺസിലർമാരുടെ ജീവനെക്കാൾ നഗരസഭയ്ക്ക് താത്പര്യം തട്ടിപ്പുകാരെ സംരക്ഷിക്കുന്നതിലാണെന്നും രാജേഷ് ആരോപിച്ചു.