കൊലപാതകമെന്ന് സംശയം
പോത്തൻകോട്:പ്രഭാത സവാരിക്കിറങ്ങിയ യുവാവിനെ ആളൊഴിഞ്ഞ റബർ പുരയിടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെമ്പായം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ഇടുക്കുംതല പനയറക്കോണത്ത് സജീവാണ് മരിച്ചത്. കഴുത്തിൽ കേബിൾ ടൈ കൊണ്ട് (പുല്ല് ചെത്താനും യന്ത്രങ്ങളിൽ വയറിംഗ് ജോലികൾക്കും ഉപയോഗിക്കുന്നത്) കുരുക്കിട്ട്, കാലുകൾ കൂട്ടിക്കെട്ടി, കണ്ണട ധരിച്ച് മലർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു. പതിവുപോലെ രാവിലെ 6 ന് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് പരിസരങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പൊലീസിലും അറിയിച്ചു. വീണ്ടും നടത്തിയ തെരച്ചിലിലാണ് അര കിലോമീറ്റർ അകലെ ആളൊഴിഞ്ഞ റബർ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. എട്ടുവയസുള്ള മകനെയും കൂട്ടിയാണ് സാധാരണ പ്രഭാത സവാരിക്ക് പോകുന്നത്. ഇന്നലെ മുട്ടുവേദനയെ തുടർന്ന് മകൻ പോയിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളോ ശത്രുക്കളോ ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
വെഞ്ഞാറമൂടിന് സമീപം വൈയേറ്റിലെ നവീൻ ഗ്രാനൈറ്റിൽ മാനേജരായിരുന്നു. ഷീബ റാണിയാണ് ഭാര്യ. ഗൗരി സജീവ്, അർജുൻ സജീവ് എന്നിവർ മക്കൾ.
റൂറൽ എസ്.പി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് എസ്.പി. പി.കെ. മധു പറഞ്ഞു. നെടുമങ്ങാട്,ആറ്റിങ്ങൽ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം.