തിരുവനന്തപുരം: വീട്ടുകരം തട്ടിപ്പിനെതിരെ ബി.ജെ.പി നടത്തുന്ന സമരം ഇരുപത്തിനാലാം ദിവസത്തിലേക്കും കൗൺസിലർമാരുടെ നിരാഹാരസമരം മൂന്നാം ദിവസത്തിലേക്കും കടന്നു. കൗൺസിലർമാരെ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി കരമന ജയൻ തുടങ്ങിയവർ സന്ദർശിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഫോർട്ട് വാർഡ് കൗൺസിലർ ജാനകിയമ്മാൾ, പാങ്ങോട് കൗൺസിലർ പത്മലേഖ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൗൺസിലർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി തിരുവനന്തപുരം മണ്ഡലത്തിലെ പ്രവർത്തകരും ലോക് ജനശക്തി പാർട്ടി (പാസ്വാൻ) സംസ്ഥാന സമിതിയും കോർപ്പറേഷന് മുന്നിൽ സത്യഗ്രഹം നടത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ ഉദ്ഘാടനം ചെയ്തു. ഒത്തുതീർപ്പുകൾക്ക് വേണ്ടി സമരം നടത്തുന്ന പാർട്ടിയല്ല ബി.ജെ.പിയെന്നും പ്രതികളെ അറസ്റ്റു ചെയ്തില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ചെറുവയ്ക്കൽ ജയൻ, മണ്ഡലം പ്രസിഡന്റ് പാങ്ങപ്പാറ രാജീവ്, എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് അരുൺ വേലായുധൻ, ജില്ലാ പ്രസിഡന്റ് ബൈജു തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ ധർണ നടത്തി. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ പൊഫ.വി.ടി. രമ സംസാരിച്ചു.