കിളിമാനൂർ: നഗരൂരിൽ അടുത്തടുത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽ നടന്ന മോഷണങ്ങളിൽ പണവും സാധനങ്ങളും നഷ്ടമായി. ന​ഗരൂർ അൽഹാജ ഹോട്ടൽ, സമീപത്തെ പി.കെ.എച്ച് ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ബേക്കറിയുടെ പിറകിലുള്ള കതക് കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് സാധനങ്ങളും പണവും സി.സി.ടിവി കാമറയുടെ ഡി.വി.ആറും കവർന്നാണ് മടങ്ങിയത്. ഹോട്ടലിൽ ടോയ്ലെറ്റിന്റെ ഗ്രില്ല് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. കാഷ് കൗണ്ടറിലുണ്ടായിരുന്ന പണവും ചാരിറ്റബിൾ ട്രസ്റ്റ് സഹായധനം ശേഖരിക്കുന്നതിനായി സ്ഥാപിച്ചിരുന്ന പെട്ടിയുമാണ് ഇവിടെ നിന്ന് നഷ്ടമായത്. ഏകദേശം അമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായാണ് കടയുടമകൾ പറയുന്നത്.

വ്യാഴാഴ്ച രാവിലെ കടതുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് നഗരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് സ്റ്റേഷനിൽ നിന്ന് നൂറുമീറ്റർ മാത്രം അകലെയുള്ള കടകളിലാണ് മോഷണം നടന്നത്. മോഷണം നടന്ന കടകളുടെ തൊട്ടുമുന്നിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത പുതിയസ്ഥാപനത്തിലെ ജോലിക്കായി ജീവനക്കാർ പുലരുവോളം ടൗണിലുണ്ടായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ടൗണിലെ സി.സി ടിവി കാമറകൾ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.