nn

വെള്ളിത്തിരയിളക്കാൻ ആദ്യമെത്തുന്നത് ജെയിംസ് ബോണ്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ തീയേറ്ററുകൾ 25 മുതൽ തുറക്കാൻ ഉടമകളുടെ സംഘടനകൾ തീരുമാനിച്ചുവെങ്കിലും പുതിയ റിലീസുകൾ 28നു മാത്രമെ ഉണ്ടാവുകയുള്ളൂ. ജെയിംസ് ബോണ്ട് ചിത്രമായ 'നൊ ടൈം ടു ഡൈ', വെനം 2 എന്നീ ഹോളിവുഡ് ചിത്രങ്ങൾക്കൊപ്പം ശിവകാർത്തികേയൻ നായകനാകുന്ന തമിഴ് ചിത്രം 'ഡോക്ടർ'എന്നിവയാണ് ആദ്യനാളിൽ റിലീസ് ഉറപ്പാക്കിയ ചിത്രങ്ങൾ. 25ന് നാമമാത്രമായ പ്രദർശനം നടത്തുന്നകാര്യവും തിയേറ്റ‌ർ ഉടമകളുടെ സംഘടനകൾ പരിഗണിക്കുന്നുണ്ട്. അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.

പൃഥ്വിരാജും ജോജു ജോർജ്ജും ഒന്നിക്കുന്ന സ്റ്റാർ, വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത 'മിഷൻ സി' എന്നീ ചിത്രങ്ങൾ 29ന് തിയേറ്ററുകളിലെത്തും. ദീപാവലി ദിനമായ ഒക്ടോബർ നാലിന് രജന്തികാന്തിന്റെ 'അണ്ണാത്തെ' റിലീസ് ചെയ്യുന്നതോടെ തീയേറ്ററുകളിൽ പഴയ ഉത്സവകാലം തിരിച്ചെത്തും. സംസ്ഥാനത്തെ അഞ്ഞൂറോളം തീയേറ്ററുകളിൽ 'അണ്ണാത്തെ' റീലീസ് ചെയ്യാനാണ് വിതരണക്കാരുടെ തീരുമാനം.

അതേസമയം മോഹൻലാലാൽ നായകനായ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' തിയേറ്ററുകളിൽ എന്നെത്തിക്കണമെന്ന് കാര്യത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ അന്തിമതീരുമാനമെടുത്തിട്ടില്ല. മോഹൻലാലിന്റെ തന്നെ 'ആറാട്ട്', മമ്മൂട്ടിയുടെ 'ഭീഷ്മപർവം', 'പുഴു' എന്നിവയുടെ റീലീസിംഗ് തീയതിയും നിശ്ചയിച്ചിട്ടില്ല. ദുൽക്കർ സൽമാൻ നായകനായ 'കുറുപ്പ്' നവംബറിൽ തിയേറ്ററിൽ എത്തും.

ഇളവുകൾ തേടി നിർമ്മാതാക്കൾ

തീയേറ്റർ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതായി സിനിമാ രംഗത്തെ സംഘടനാ പ്രതിനിധികളുമായി മന്ത്രി സജി ചെറിയാൻ ഇന്ന് ഓൺലൈനായി ചർച്ച നടത്തും. സിനിമാ രംഗത്തിന് പ്രത്യേക രക്ഷാപാക്കേജ് പ്രഖ്യാപിക്കുക, വൈദ്യുതി ബില്ലിൽ കുറവു വരുത്തുക തുടങ്ങിയ പഴയ ആവശ്യങ്ങൾക്കു പുറമെ മുഴുവൻ സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കുക, രണ്ട് ഡോസ് വാക്സിൻ എന്ന നിബന്ധനമാറ്റി ഒരു ഡോസ് വാക്സിൻ എടുത്തവർക്കും തിയേറ്ററിൽ പ്രവേശനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ചർച്ചയിൽ മുന്നോട്ടു വയ്ക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.