പാറശാല: വനിതാ ഡോക്ടറെ പട്ടാപ്പകൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം തുടരുമെന്ന് പാറശാല പൊലീസ് അറിയിച്ചു. ഡോക്ടർ പരാതി നൽകാത്തതിനാൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ലെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം.

ബുധനാഴ്ച ഉച്ചയ്ക്ക് ഉദിയൻകുളങ്ങര കോളേജ് റോഡിലായിരുന്നു സംഭവം.

റോഡരികിൽ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങിയ തേങ്ങാപട്ടണം സ്വദേശിയും ഡോക്ടറുമായ യുവതിയെ പിന്നിൽ നിന്ന് പാഞ്ഞെത്തിയ യുവാവ് തള്ളിവീഴ്‌ത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് യുവതിയെ രക്ഷിച്ചത്. കൊലപാതകശ്രമം വിഫലമായതോടെ ഉറക്കഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പാറശാല പെ‍ാലീസെത്തി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വനിതാഡോക്ടറും യുവാവും പരിചയക്കാരാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് അൽപ്പം മുമ്പ് ഇരുവരും കാറിലിരുന്ന് സംസാരിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. പിന്നാലെ ഇവർ തമ്മിൽ തർക്കമുണ്ടാകുകയും യുവതിയെ ഇയാൾ ആക്രമിക്കുകയുമായിരുന്നു.