adi

കിളിമാനൂർ: ഐ.ടി.ഐ വിദ്യാർത്ഥിനി വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ആൽത്തറമൂട്, പാറമുക്ക് കാർത്തികയിൽ അനിൽ കുമാർ-ദിവ്യ ദമ്പതിമാരുടെ മകൾ ആദിത്യയെയാണ് (18) വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയുടെ അമ്മ തൊഴിലുറപ്പിനും അച്ഛൻ ജോലിക്കും അനുജൻ പാൽ വാങ്ങാനായി പോവുകയും ചെയ്ത സമയത്തായിരുന്നു സംഭവം. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപവാസി നാട്ടുകാരെ വിളിച്ചു കൂട്ടുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയെങ്കിലും ആദിത്യ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു. ആറ്റിങ്ങലിൽ നിന്ന് ഫയർഫോഴ്സ് സംഘവും എത്തിയിരുന്നു. കൊല്ലം ഗവൺമെന്റ് വിമൻസ് ഐ.ടി.ഐ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. സഹോദരൻ: അതുൽ.