കോടികണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് ജീവിച്ചിരുന്ന ദിനോസറുകളെ ഒന്ന് കണ്ടാൽ കൊള്ളാമെന്ന് തോന്നിയിട്ടുണ്ടോ ? വിഖ്യാത സംവിധായകൻ സ്‌റ്റീവൻ സ്‌പീൽബർഗ് സംവിധാനം ചെയ്‌ത് 1993ൽ പുറത്തിറങ്ങിയ ജുറാസിക് പാർക്ക് എന്ന സയൻസ് ഫിക്‌ഷൻ ചിത്രത്തോടെയാണ് ദിനോസർ എന്ന ഭീകരൻ ലോകത്തെ മുഴുവൻ കിടുകിടെ വിറയ്പ്പിക്കാൻ തുടങ്ങിയത്. സ്‌പെഷ്യൽ ഇഫക്‌ടുകളുടെയും ആധുനിക സാങ്കേതികവിദ്യയുടെയും സഹായത്തോടെയാണ് സിനിമയിൽ ദിനോസറുകൾ വീണ്ടും അവതരിച്ചത്.
വെലോസിറാപ്‌റ്റർ, ടൈറനോസോറസ്, ട്രൈസെറാടോപ്‌സ്, ബ്രാക്കിയോസോറസ് തുടങ്ങിയ ദിനോസർ വർഗങ്ങൾക്കൊപ്പം ടൈറനോസോറസ് റെക്‌സ് അഥവാ ടി - റെക്‌സ് എന്ന കൊടുംഭീകരനെയും നമ്മൾ സിനിമയിൽ കണ്ടു.
സിനിമയിലേത് പോലെ ശരിക്കും ഇത്തരം ദിനോസറുകൾ ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടാലോ എന്ന് ആലോചിച്ചിട്ടുണ്ടോ ? എങ്കിൽ കേട്ടോളൂ... ചിലപ്പോൾ അത് യാഥാർത്ഥ്യമായേക്കാം. ! വടക്കൻ ചൈനയിൽ നിന്ന് കണ്ടെടുത്ത ഒരു ദിനോസർ ഫോസിലിൽ സംരക്ഷിക്കപ്പെട്ട നിലയിൽ കോശങ്ങൾ കണ്ടെത്താനായതാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ. ഈ ഫോസിലിൽ നിന്ന് ഡി.എൻ.എ വേർതിരിച്ച് ദിനോസറിന്റെ ക്ലോൺ പതിപ്പ് സൃഷ്ടിക്കാനാകുമോ എന്ന സാദ്ധ്യതകളിലേക്കാണ് ഇപ്പോൾ ശാസ്ത്രലോകം ഉറ്റുനോക്കുന്നത്.
ഇതുവരെ കണ്ടെത്തപ്പെടാത്ത ഒരു ജനിതക കോഡ് ഈ ഫോസിലിൽ നിന്ന് ആദ്യമായി വേർതിരിച്ചെടുക്കാൻ സാധിച്ചേക്കുമെന്നാണ് വിദഗ്ദ്ധരുടെ വിശ്വാസം. അത്തരത്തിൽ ചരിത്രാതീതമായ ഈ ഫോസിലിൽ നിന്ന് ജനിതക വിവരങ്ങൾ ഗവേഷകർക്ക് വേർതിരിക്കാനായാൽ ഒരു പക്ഷേ, ജുറാസിക് പാർക് സിനിമയിലേത് പോലെ ദിനോസറുകളെ മനുഷ്യന് ഭൂമുഖത്ത് സൃഷ്ടിക്കാനാകും.
മയിലുകളുടെയത്ര വലിപ്പമുണ്ടായിരുന്ന ദിനോസർ സ്പീഷീസായ കോഡിപ്‌റ്റെറിക്സിന്റെ തുടയിലെ അസ്ഥിയുടെ ഫോസിലാണ് കണ്ടെത്തിയിരിക്കുന്നത്. അഗ്നിപർവത ചാരത്തിൽ നിന്നാണ് ഗവേഷകർക്ക് ആ ഫോസിൽ ലഭ്യമായത്.
ഏതാണ്ട് 125 മില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് ജീവിച്ചിരുന്നവയാണിത്. ജുറാസിക് പാർക്ക് സിനിമകളിൽ കൂട്ടത്തോടെ ഇരയെ തേടിയിറങ്ങുന്ന വെലോസിറാപ്ടറുകളെ ഓർമയില്ലേ. തെറോപോഡ് കുടുംബത്തിൽപ്പെട്ട ഇവയുമായി സാമ്യമുള്ളവയാണ് കോഡിപ്‌റ്റെറിക്സുകൾ. ബുദ്ധിശക്തിയുടെ കാര്യത്തിൽ മുന്നിലുള്ള ഈ സ്പീഷീസുകൾക്ക് മണിക്കൂറിൽ 24 മൈൽ വേഗതയിൽ സഞ്ചരിക്കാനാകും. ചൈനീസ് അക്കാഡമി ഒഫ് സയൻസസിലെ ഗവേഷകരാണ് ഫോസിൽ കണ്ടെത്തിയത്. അതിശയകരമാം വിധം സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഫോസിൽ എന്ന് ഗവേഷകർ പറയുന്നു.
ഈ ഫോസിലിൽ നിന്ന് ആരോഗ്യകരമായ ഏതാനും കോശങ്ങൾ കണ്ടെത്താൻ സാധിച്ചതായി ഗവേഷകർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കാര്യമായ കേടുപാട് സംഭവിക്കാത്ത ഈ തരുണാസ്ഥി കോശങ്ങൾ സിലിസിഫിക്കേഷൻ എന്ന പ്രക്രിയയിലൂടെ ധാതുവത്കരിക്കപ്പെട്ടിരിക്കുന്നതായും ജൈവ തന്മാത്രകളുടെ അവശിഷ്ടങ്ങൾ അവയിൽ അടങ്ങിയിരിക്കുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ദിനോസറിന്റെ ഡി.എൻ.എ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഈ കോശങ്ങളുടെ ന്യൂക്ലിയസുകളിൽ കേന്ദ്രീകരിച്ചിരിക്കും. ഡി.എൻ.എ സീക്വൻസ് പുനർനിർമ്മിക്കാനാകും എന്ന പ്രതീക്ഷയോടെ കോശങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ പഠനങ്ങൾ തുടരുകയാണ് ഗവേഷകർ.