നെടുമങ്ങാട് : ഭാര്യാപിതാവിനെ കല്ലുപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് പഴവിള കുന്നുംപുറത്ത് വീട്ടിൽ ജെ. അൻഷാദിനെയാണ് (40)നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യാപിതാവ് സലീമിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
അൻഷാദും ഭാര്യയും കുറച്ചുനാളുകളായി അകന്നുകഴിയുകയാണ്. മക്കളെ കാണുന്നതിന് അൻഷാദ് ഇടക്കിടെ ഭാര്യാവീട്ടിൽ പോകുമായിരുന്നു. ഇതിനിടെ അൻഷാദിന്റെ ഭാര്യ ഇടുക്കിയിൽ ജോലിക്കായി പോയി. ഇത് സലിം പറഞ്ഞിട്ടാണെന്ന് തെറ്രിദ്ധരിച്ച അൻഷാദ് 19ന് വൈകിട്ട് ആറുമണിയോടെ മക്കളെ കാണാനെത്തിയപ്പോൾ സലീമിനെ ആക്രമിക്കുകയായിരുന്നു.സലീമിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അൻഷാദ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.