തിരുവനന്തപുരം: ദുരഭിമാനത്തെത്തുടർന്ന് കുഞ്ഞിനെ തന്റെ മാതാപിതാക്കൾ കൊണ്ടുപോയെന്ന അമ്മ അനുപമയുടെ പരാതിയിൽ വനിതാ കമ്മിഷൻ കേസെടുത്തു.
സംഭവത്തിൽ ഡി.ജി.പിയോട് അടിയന്തര റിപ്പോർട്ടു തേടി. തിരുവനന്തപുരം പേരൂർക്കടയിൽ കുഞ്ഞിനെ അമ്മയുടെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേർന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു പരാതി. ഏപ്രിൽ 19ന് പൊലീസിൽ പരാതി നൽകിയെങ്കിലും ആറു മാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. രണ്ട് തവണ അനുപമ ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. സി.പി.എം നേതാവായ അനുപമയുടെ പിതാവടക്കം ആറുപേർക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്ത്. മുൻ എസ്.എഫ്.ഐ നേതാവ് അനുപമയുടെ കുഞ്ഞിനെ വിട്ടുകൊടുക്കാതിരിക്കാൻ മാതാപിതാക്കൾക്കൊപ്പം ശിശുക്ഷേമ സമിതിയും സി.ഡബ്ല്യു.സിയും ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങളും പുറത്തായി.
നിയമപ്രകാരം വളർത്താൻ പറ്റില്ലെന്ന് കാണിച്ച് മാതാപിതാക്കൾ കുഞ്ഞിനെ നൽകേണ്ടത് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കാണ്. എന്നാൽ നേരിട്ട് ശിശുക്ഷേമ സമിതിക്ക് നൽകിയെന്നും ആക്ഷേപമുണ്ട്.