sabarimuttam

പാറശാല: നെയ്യാറിന്റെ കരയോട് ചേർന്ന് തകർച്ചാഭീഷണി നേരിടുന്ന വീടുകളിൽ കഴിഞ്ഞിരുന്ന മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രണ്ട് കുടുംബങ്ങളെ ചെങ്കൽ സായ് കൃഷ്ണ സ്‌കൂളിലേക്കും ഒരു കുടുംബത്തെ ബന്ധു വീട്ടിലേക്കുമാണ് മാറ്റിയത്.

ചെങ്കൽ പഞ്ചായത്തിലെ നൊച്ചിയൂർ വാർഡിൽ താമസിക്കുന്ന ക്രിസ്തുദാസ്, വസന്ത, ബിജു എന്നിവരുടെ വീടുകളാണ് കനത്ത മഴയിൽ തകർച്ചാഭീഷണി നേരിടുന്നത്.

നെയ്യാറിൽ ജലനിരപ്പ് ഉയർന്നതും വെള്ളത്തിന്റെ കുത്തൊഴുക്കും കാരണം പ്രദേശത്തെ അഞ്ച് സെന്റോളം വസ്തു ആറ്റിലേക്ക് പതിച്ചിരുന്നു. വസ്തുക്കളിൽ ഉണ്ടായിരുന്ന തെങ്ങ് ഉൾപ്പെടെയുള്ള നിരവധി വൃക്ഷങ്ങളും കടപുഴകി. ഇതോടെയാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്.

പിരായുംമൂട് നിന്ന് ശബരിമുട്ടത്തേക്കുള്ള ബണ്ട് റോഡ് പൂർണമായും തകർന്നിട്ടുണ്ട്. കെ. ആൻസലൻ എം.എൽ.എ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് അധികൃതർ, നെയ്യാറ്റിൻകര താലൂക്ക് അധികാരികൾ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.