വിഴിഞ്ഞം: വിഴിഞ്ഞത്ത് അറ്റകുറ്റപ്പണിക്കായി എത്തിച്ച ടഗ്ഗിൽ ആൾമാറാട്ടം നടത്തിയ ഒരാളെ ഇമിഗ്രേഷൻ അധികൃതർ പിടികൂടി. യു.പി സ്വദേശിയായ ഹിമാൻഷു സിംഗിനെയാണ് കസ്റ്രഡിയിലെടുത്ത് വിഴിഞ്ഞം പൊലീസിന് കൈമാറിയത്. കരാർ കാലാവധി അവസാനിച്ചവർക്ക് പകരം പുതിയ ജീവനക്കാരെ പ്രവേശിപ്പിക്കുന്നതിനിടെയാണ് ഇയാൾ ആൾമാറാട്ടം നടത്തിയത്.

ഈ മാസം രണ്ടിനാണ് അറ്രകുറ്റപ്പണികൾക്ക് ഗോവൻ ടഗ്ഗ് ഏഴ് ജീവനക്കാരുമായി വിഴിഞ്ഞത്തെത്തിയത്. ഇതിൽ രണ്ട് ജീവനക്കാരുടെ കരാർ ഇന്നലെ അവസാനിക്കുന്നതിനാൽ അവരെ ഇവിടെ ഇറക്കി പകരം രണ്ടുപേരെ പ്രവേശിപ്പിക്കാൻ ടഗ്ഗ് അധികൃതർ തുറമുഖ വകുപ്പിന് അപേക്ഷ നൽകിയിരുന്നു.

നടപടിക്രമങ്ങളുടെ ഭാഗമായി ഇമിഗ്രേഷൻ അധികൃതർ രേഖകൾ പരിശോധിച്ചപ്പോഴാണ് ആൾമാറാട്ടം നടന്നതായി കണ്ടെത്തിയത്.

കാശ്മീർ സ്വദേശിയായ മൻദീപ് സിംഗ് എന്ന ജീവനക്കരനു പകരമാണ് ഹിമാൻഷു സിംഗ് ഇമിഗ്രേഷൻ അധികൃതർക്ക് മുന്നിലെത്തിയത്. ആൾമാറാട്ടം മനസിലായതോടെ ഇയാളെ കസ്റ്റ‌ഡിയിലെടുത്ത് പൊലീസിന് കൈമാറുകയായിരുന്നു. മൻദീപ് സിംഗ് രണ്ടാംതീയതി തന്നെ നാട്ടിലേക്ക് പോയതായി ഹിമാൻഷു പൊലീസിന് മൊഴി നൽകി. എന്നാൽ ഇയാളെ ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിഴിഞ്ഞം പൊലീസ് പറയുന്നത്.

ടഗ്ഗ് അധികൃതരുടെ നിർദ്ദേശം അനുസരിച്ചാണ് മൻദീപിന് പകരക്കാരനായി ഹിമാൻഷു ഇമിഗ്രേഷൻ അധികൃതർക്ക് മുന്നിലെത്തിയത്. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയായ ശേഷമേ ടഗ്ഗും മറ്റ് ജീവനക്കാരെയും വിട്ടയക്കൂ എന്നും പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള ഹിമാൻഷുവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.