കിളിമാനൂർ: അടയമൺ പയ്യനാട് ക്ഷേത്രത്തിന് സമീപം റബർ തോട്ടത്തിനോട് ചേർന്ന റോഡരികിൽ നിന്ന് പത്തടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി.
വ്യാഴാഴ്ച രാത്രി 10.15ന് ഇതുവഴി പോയ കാൽനടയാത്രികരാണ് പാമ്പിനെ കണ്ടത്. ഇവർ ബഹളം വച്ചതോടെ ഓടിയെത്തിയവരാണ് ഇതിനെ പിടികൂടി ചാക്കിലാക്കിയത്. പാമ്പിനെ വനംവകുപ്പിന് കൈമാറി. സമീപത്തെ കാടുമൂടിയ റബർതോട്ടത്തിൽ നിന്നാണ് പെരുമ്പാമ്പ് റോഡിലെത്തിയതെന്നാണ് സംശയിക്കുന്നത്.കഴിഞ്ഞ ആഴ്ച അടയമൺ ആറ്റൂരിൽ നിന്ന് നായയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ഒരു മാസത്തിനിടെ അടയമൺ ഭാഗത്ത് നിന്ന് ഏഴാമത്തെ പാമ്പിനെയാണ് പിടികൂടുന്നത്.