വിതുര: ഉണ്ടായിരുന്ന ഏക ബസ് സർവീസും നിലച്ചതോടെ വിതുര പഞ്ചായത്തിലെ പേപ്പാറ പൊടിയക്കാല ആദിവാസി കോളനിയിലെ ജനങ്ങൾ ദുരിതത്തിൽ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് ഒന്നരവർഷം മുമ്പ് വിതുര ഡിപ്പോയിൽ നിന്ന് ഇവിടേക്കുള്ള സർവീസ് അവസാനിപ്പിച്ചത്. എന്നാൽ സർവീസുകൾ പുനരാരംഭിച്ചപ്പോൾ പൊടിയക്കാലയെ അവഗണിച്ചതോടെ ഇവിടുത്തുകാർ തീർത്തും ഒറ്റപ്പെട്ടു.
പേപ്പാറയിൽ ഡാം നിർമ്മിച്ചപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ട 62 ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കുടിയിറക്കിയപ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും കടലാസിലാണ്. ഇവരുടെ ഏക ആശ്രയമായ ബസും തിരികെയെടുത്തു. ഇതോടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ നട്ടംതിരിയുന്ന കോളനിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴിയും അടഞ്ഞു.
മഴപെയ്താൽ തീരാദുരിതം
മഴ കനത്താൽ പേപ്പാറ ഡാമിൽ ജലനിരപ്പുയരുകയും പൊടിയക്കാലയിലേക്കുള്ള റോഡ് വെള്ളത്തിൽ മുങ്ങുകയും ചെയ്യുന്നതോടെ പൊടിയക്കാല നിവാസികൾ ഒറ്റപ്പെടും. ബസ് സർവീസും നിലച്ചതോടെ കാൽനടയാത്ര മാത്രമാണ് ഇവർക്ക് ആശ്രയം. അല്ലെങ്കിൽ ജീപ്പും ഒാട്ടോറിക്ഷയും വിളിച്ച് യാത്ര ചെയ്യണം. വിതുരയിൽ നിന്നും ഒരു ഒാട്ടോറിക്ഷ പൊടിയക്കാലയ്ക്ക് പോകണമെങ്കിൽ 350 രൂപ നൽകണം, ജീപ്പിന് 600 രൂപയും. ഇതുകാരണം നടക്കുകയല്ലാതെ ഇവർക്ക് വേറെ വഴിയില്ല.
വന്യമൃഗങ്ങളോട് മല്ലിടണം
പൊടിയക്കാലക്ക് പുറമേ വിതുര തൊളിക്കോട് പഞ്ചായത്തുകളിലെ മറ്റ് ആദിവാസി മേഖലകളിലേക്കുള്ള സർവീസും നിറുത്തിവച്ചിരിക്കുകയാണ്. ഇതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായത്. വിദ്യാലയങ്ങൾ തുറക്കുന്നതോടെ സ്ഥിതി കൂടുതൽ വഷളാകും. രണ്ട് പഞ്ചായത്തിലുമായി രണ്ടായിരത്തിൽപ്പരം ആദിവാസി വിദ്യാർത്ഥികൾ വിവിധ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്നുണ്ട്. ഇവർക്ക് വിദ്യാലയങ്ങളിലേക്ക് പോകണമെങ്കിൽ വന്യമൃഗങ്ങൾ വിഹരിക്കുന്ന കാട് കാൽനടയായി താണ്ടേണ്ട അവസ്ഥയാണ്. ബസ് സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ഇത്തരത്തിൽ യാത്രചെയ്തിരുന്ന വിദ്യാർത്ഥികളെ കാട്ടാന ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഷ്ടിച്ചാണ് അന്ന് പലരും രക്ഷപ്പെട്ടത്.
ഇപ്പ ശര്യാക്കിത്തരാം....
വന്യമൃഗങ്ങളെ ഭയന്ന് വഴിനടക്കാൻ സാധിക്കാതായതോടെ പൊടിയക്കാലയിലെ ജനങ്ങൾ ജനപ്രതിനിധികൾക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇവിടേക്ക് ബസ് സർവീസ് ആരംഭിച്ചത്. ഇത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ മുട്ടാത്ത വാതിലുകളില്ല. എന്നാൽ 'ഇപ്പ ശര്യാക്കിത്തരാം ' എന്ന പതിവ് സിനിമാ ഡയലോഗ് മാത്രമാണ് മറുപടി. ഇതോടെ സർവീസ് അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിതുര ഡിപ്പോയ്ക്ക് മുന്നിൽ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ആദിവാസികൾ.