കൊയിലാണ്ടി: ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കണ്ടെത്താനുള്ള നീക്കം നടക്കുമ്പോൾ പാറപ്പള്ളിക്ക് ഇടം കിട്ടുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. പ്രകൃതി രമണീയമായ കേന്ദ്രമെന്ന നിലയിൽ പാറപ്പള്ളിയുടെ ചരിത്രവും ആത്മീയവുമായ പ്രാധാന്യവും തനിമയും സംരക്ഷിച്ച് കൊണ്ടുള്ള വികസന പദ്ധതികളാണ് ഇവിടെ ആവശ്യം.
ഇതിന് വേണ്ട പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ജില്ലാ ഭരണകൂടം വിദഗ്ദസമിതിയെ നിയോഗിക്കുമെന്നും വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്രഫണ്ട് ലഭ്യമാക്കാനുള്ള നടപടികൾ ആരായുമെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ അധികൃതരും ജനപ്രതിനിധികളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം പിന്നീട് പാഴ്‌വാക്കായി. ഇസ്ലാമിക തീർത്ഥാടകരുടെ സന്ദർശന കേന്ദ്രം കൂടിയായ ഈ പുണ്യഭൂമിയുടെ വശ്യ സൗന്ദര്യം ആസ്വദിക്കാൻ തദ്ദേശീയവും വിദേശീയവുമായ നിരവധി സഞ്ചാരികളാണ് എത്തുന്നത്.
കൊയിലാണ്ടിക്കടുത്ത് കൊല്ലം അങ്ങാടിയിൽ നിന്ന് അര കിലോമീറ്റർ അകലെയാണ് പാറപ്പള്ളി കടലോരം. വെള്ളാരങ്കല്ലുകളുടെ തിളക്കവും തിരമാലകളുടെ പൊട്ടിച്ചിരികളും ചേർന്ന പ്രകൃതിയുടെ ലാസ്യഭംഗി ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കവരും. തിരമാലകളുടെ തഴുകലേറ്റ് കിടക്കുന്ന ശ്യാമവർണ്ണമാർന്ന കൃഷ്ണ ശിലക്കട്ടകൾ സഞ്ചാരികൾക്ക് പ്രകൃതി ഒരുക്കിയ ഇരിപ്പിടങ്ങളാണ്. പതിനെട്ട് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പാറപ്പള്ളി കുന്ന് വിശ്വാസികൾക്കിടയിൽ ' മയ്യിത്ത് കുന്ന് ', 'കുല മലക്കുന്ന് ' എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. പാറക്കെട്ടുകളുടെ മുകളിൽ തീർത്ത മുസ്ലീം ആരാധനാലയമാണിത്.
കുന്നിൻ മുകളിലെ പതിനാലോളം മക്ബറകൾ (കല്ലറകൾ) നബിയുടെ കൂടെ കഴിഞ്ഞവരുടേതാണ് എന്നാണ് വിശ്വാസം. മഖ്ബറകളിൽ ഒന്ന് ഒരു കെട്ടിനകത്താണ്. ഇത് ഇസ്ലാം മത പ്രചാരണത്തിനായി ഇവിടെ എത്തിയ പ്രബോധകനായ തമീമ് മുൽ അൻസാരിയുടേതാണെന്നാണ് വിശ്വാസം. പഴക്കം ചെന്ന രണ്ട് പള്ളികൾ കൂടി ഈ കുന്നിൻ മുകളിലുണ്ട്. ഔലിയാ പളളി, ഖിള്ർ പള്ളി എന്നിവ. മുനമ്പത്ത് പള്ളി എന്നും ഖിള്ർ പള്ളിക്ക് പേരുണ്ട്. ഈ പള്ളിക്ക് തൊട്ട് താഴെ പാറക്കെട്ടുകളിലൂടെ ഒഴുകിയെത്തുന്ന തെളിനീരുറവ് 'ഔലിയാ വെള്ളം ' എന്നാണറിയപ്പെടുന്നത്. ഈ നീരുറവയ്ക്ക് പുണ്യതീർത്ഥമെന്ന നിലയിൽ വിശ്വാസികൾ ഏറെ പ്രാധാന്യം കല്പിക്കുന്നു. പാറപ്പള്ളിയിൽ സിയാറത്തിന് എത്തുന്നവർ ഔലിയ വെള്ളവുമായാണ് മടങ്ങുക. പന്തലായനി കൊല്ലം ഉൾപ്പെട്ട കോളം കടപ്പുറത്തിന്റെ പ്രകൃതി ഭംഗി കൂടി പാറപ്പള്ളിയെ വശ്യ സുന്ദരമാക്കുന്നു. കാപ്പാടിനേക്കൾ വിനോദ സഞ്ചാര സാദ്ധ്യതകളേറുന്ന ഈ കടലോര മേഖലയിൽ പാറപ്പള്ളിയുടെ ആത്മീയ വിശുദ്ധിക്ക് കളങ്കമേൽക്കാതെയുള്ള ടൂറിസം വികസന പദ്ധതികൾക്കാണ് പൊതുജനം കാതോർക്കുന്നത്.