നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ഭീതിപരത്തിയ തെരുവുനായയുടെ ആക്രമണത്തിൽ 19പേർക്ക് കടിയേറ്റു. കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ പതിനഞ്ചുപേർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും നാലുപേർ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും ചികിത്സ നേടി. ആരുടെയും നില ഗുരുതരമല്ല.
മൂന്നുകല്ലിൻമൂടിനും ടി.ബി ജംഗ്ഷനും ഇടയിലാണ് നായയുടെ ആക്രമണമുണ്ടായത്. റോഡരികിൽ നിന്നവർക്കും കാൽനടയാത്രികർക്കുമെല്ലാം കടിയേറ്റു. നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനു സമീപവും ഹനുമാൻ കോവിലിനു സമീപവും കടിയേറ്റവരുണ്ട്. ഇതിനുശേഷം ഓടിമറഞ്ഞ നായയെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതിനെ കണ്ടെത്തി തങ്ങളുടെ ഭീതി അകറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വന്ധ്യംകരണം ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ നടപ്പാക്കി അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ നിയന്ത്രണിക്കുമെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ അറിയിച്ചു.