തിരുവനന്തപുരം: ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ തലസ്ഥാനത്തെ പ്രധാന പടക്കവിപണിയായ പാപ്പനംകോട് പൂഴിക്കുന്നിൽ തിരക്കേറുന്നു. 500 മീറ്റർ ചുറ്റളിവിനുള്ളിൽ നിരനിരയായി പത്തോളം പടക്കക്കടകളാണ് പൂഴിക്കുന്നിൽ ആരംഭിച്ചിരിക്കുന്നത്. അഞ്ചോളം കടകൾ വൈകാതെ ആരംഭിക്കും. വരും ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാനായി പലരും നേരത്തെയെത്തി പടക്കം വാങ്ങി മടങ്ങുകയാണ്. പൂഴിക്കുന്നിന്റെ പടക്കപ്പെരുമയറിഞ്ഞ് ജില്ലയ്ക്കകത്തും പുറത്തും നിന്ന് ആയിരക്കണക്കിന് ആളുകളാണ് എല്ലാ വർഷവും ഇവിടെയെത്തുന്നത്.
പടക്കനിർമ്മാണത്തിൽ വിദഗ്ദ്ധനായിരുന്ന ഗോവിന്ദനാശാനാണ് പൂഴിക്കുന്നിന്റെ പെരുമയെ വാനോളമെത്തിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് മക്കളായ മണിയനാശാനും ശശിയാശാനും പടക്ക വിപണിയിലും കമ്പക്കെട്ടിലും സജീവമായി. ഇരുവരുടെയും മക്കളാണ് ഇപ്പോൾ ആശാന്മാരുടെ പെരുമ നിലനിറുത്തി രംഗത്തുള്ളത്. സുപ്രീംകോടതി നിർദ്ദേശപ്രകാരം പുക കുറവായ പടക്കങ്ങളാണ് ഇത്തവണ എല്ലായിടത്തും തയ്യാറാക്കിയിരിക്കുന്നത്.
നാടൻ പടക്കത്തിന് ഡിമാന്റേറെ...
പൊട്ടാതെ പോകുന്ന പടക്കങ്ങൾ വളരെ കുറവായിരിക്കും എന്നതാണ് പൂഴിക്കുന്ന് പടക്കങ്ങൾക്ക് ഡിമാൻഡ് കൂട്ടുന്നത്. ഓലപ്പടക്കവും മാലപ്പടക്കവും തുടങ്ങി വ്യത്യസ്ത ഇനങ്ങളുണ്ടിവിടെ. ശിവകാശിയിൽ ലഭിക്കുന്ന ഇനങ്ങളും അതേവിലയ്ക്ക് ഹോൾസെയിലായും റീട്ടെയിലായും പൂഴിക്കുന്നിൽ ലഭിക്കും.
വിപണിയിലെ താരങ്ങൾ ഇവർ
ഹോളി കാർട്ടൂൺ, വിസിൽസ്, ക്രേസി ബൂം, ടൈറ്റാനിക്ക്, ഒമ്പത് വർണങ്ങളിലുള്ള പതിനഞ്ച് സെന്റിമീറ്റർ നീളമുളള കമ്പിത്തിരികൾ, പവർ പോട്ട് തുടങ്ങിയവയും ഫൺ ഫന്റാസ്റ്റിക്ക്, പുക മലിനീകരണമില്ലാത്ത ഫാൻസി പടക്കങ്ങൾ, നാടൻ പടക്കങ്ങൾ, എറി പൊട്ടാസ്, ആകാശത്ത് പോയി ഏഴു തവണ പൊട്ടുന്ന ഏഴ് നിറത്തിലുളള പടക്കം, പൊട്ടിക്കഴിഞ്ഞാൽ മാലിന്യം ശേഷിക്കാത്ത മാലപ്പടക്കം തുടങ്ങിയ വൈവിദ്ധ്യമായ ഇനങ്ങളാണ് പൂഴിക്കുന്ന് ആശാന്മാരുടെ പക്കലുള്ളത്. തറച്ചക്രം, ഫയർ പെൻസിൽ, റോക്കറ്റ്, ചെറിയ ശബ്‌ദത്തോടെ പൊട്ടുന്ന കുരുവി വെടി എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്. സ്‌റ്റാൻഡേർഡ്, ലക്ഷ്മി, കാളീശ്വരി, വടിവേൽ, സോണി തുടങ്ങിയ കമ്പനികളുടെ പടക്കങ്ങളും പൂഴിക്കുന്നിൽ കിട്ടും.
ജില്ലയിൽ 750ഓളം തൊഴിലാളികൾ
ജില്ലയിലാകെ 150 പടക്കശാലകളാണ് ഇത്തവണയുളളത്. 750ഓളം ജീവനക്കാരാണ് ഇവയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. കൊവിഡ് കാരണം കഴിഞ്ഞ ദീപാവലി സമയത്ത് കടകളൊക്കെ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
ഉത്സവങ്ങളെല്ലാം ചടങ്ങുകളിൽ ഒതുങ്ങിയതിനാൽ കാര്യമായ കച്ചവടം ഒരിടത്തും ഉണ്ടായിരുന്നില്ല. ഇത്തവണയെങ്കിലും വിപണി നഷ്ടത്തിൽ നിന്ന് കരകയറുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
"കൊവിഡ് പ്രതിസന്ധി പടക്കവ്യവസായത്തെ ബാധിച്ചിട്ടുണ്ടെങ്കിലും പടക്കങ്ങൾക്കും ഫാൻസി ഐറ്റങ്ങൾക്കും വിലവർദ്ധന ഉണ്ടായിട്ടില്ല. എല്ലാ സാധനങ്ങൾക്കും അതേ വില തന്നെയാണ്."
ജിബു, ദേവീ ഫയർ വർക്‌സ്,
പൂഴിക്കുന്ന്