aifuna

തിരുവനന്തപുരം: കേരള സർവകലാശാല എം.എ സംസ്‌കൃതം പരീക്ഷയിൽ ആദ്യ മൂന്ന് റാങ്കുകൾ നേടിയത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സഹപാഠികൾ. മാപ്പിളപാട്ടുകാരി കൂടിയായ ഐഫുന നുജൂം ഒന്നാം റാങ്ക് നേടിയപ്പോൾ, കൃഷ്‌ണപ്രിയയും യു.എം. രാജിയും രണ്ടും മൂന്നും റാങ്കുകൾ സ്വന്തമാക്കി.

എന്തിനാണ് സംസ്‌കൃതം എടുത്തത്? കാണുന്നവരെല്ലാം ചോദിച്ചിരുന്ന ഈ ചോദ്യത്തിന് ഒന്നാം റാങ്കുകൊണ്ടാണ് ഐഫുന മറുപടി നൽകിയിരിക്കുന്നത്.

ബി.എ സംസ്‌കൃതത്തിലും കേരള സർവകലാശാലയിലെ ഒന്നാം റാങ്ക് തിരുവനന്തപുരം പാലോട് കരിമാൻകോട് ജന്നത്ത് മൻസിലിൽ ഐഫുന നേടിയിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ച് നേടിയ ഒന്നാം റാങ്കിൽ ഒരുപാട് അഭിമാനവും സന്തോഷവുമുണ്ടെന്ന് ഐഫുന പറഞ്ഞു.

അഞ്ചാം ക്ലാസ് മുതലാണ് സംസ്‌കൃതം പഠിച്ച് തുടങ്ങിയത്. സംസ്‌കൃതം പഠിപ്പിക്കാനെത്തിയ ബാബു എന്ന അദ്ധ്യാപകനാണ് പ്രേരണയായത്. പിതാവ് നുജൂമുദ്ദീനും മാതാവ് നബീസത്ത് ബീവിയും പിന്തുണച്ചു. കോളേജ് പ്രൊഫസറാകണമെന്നാണ് ആഗ്രഹം.

. മാപ്പിള പാട്ടിനൊപ്പം കർണാടക സംഗീതത്തിലും കഴിവ് തെളിയിച്ച ഐഫുന സംഗീത അദ്ധ്യാപിക കൂടിയാണ്. കോളേജിൽ പോകാത്ത ദിവസങ്ങളിൽ പാലോട് തരണി സംഗീത വിദ്യാലയത്തിൽ പാട്ട് പഠിപ്പിക്കാനാണ് സമയം ചെലവഴിക്കുന്നത്. സ്‌കൂൾ കലോത്സവ വേദികളിലും താരമായിരുന്നു. സംസ്‌കൃത വിഭാഗത്തിൽ വന്ദേമാതരത്തിൽ പങ്കെടുത്ത് സംസ്ഥാനതലത്തിൽ ഒരു തവണ രണ്ടാം സ്ഥാനവും മറ്റൊരു തവണ മൂന്നാം സ്ഥാനവും നേടി. ലളിതഗാന മത്സരങ്ങളിലും മാപ്പിളപ്പാട്ടിലും സമ്മാനം വാരിക്കൂട്ടിയിട്ടുണ്ട്.

കൃഷ്‌ണപ്രിയയും രാജിയും

നന്ദിയോട് കൊച്ചുതാന്നിമൂട്ടിൽ കൃഷ്‌ണകൃപയിൽ കൃഷ്‌ണൻ നായരുടേയും സ്വപ്‌നയുടേയും മകളാണ് രണ്ടാം റാങ്ക് നേടിയ കൃഷ്‌ണപ്രിയ. പിഎച്ച്.ഡിയാണ് കൃഷ്‌ണപ്രിയയുടെ ലക്ഷ്യം. മൂന്നാം റാങ്ക് നേടിയ രാജി.യു.എം ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പൂഴനാട് മനോഹരഭവനിൽ മനോഹരന്റെയും ഉഷാകുമാരിയുടേയും മകളാണ്. മൂന്ന് പേരുടേയും നേട്ടം അഭിമാനകരമാണെന്ന് യൂണിവേഴ്‌സിറ്റി കോളേജ് അദ്ധ്യാപിക സജ്ന പറഞ്ഞു.