road

നെയ്യാറ്റിൻകര: രാജപാതയെന്ന് ഒരുകാലത്ത് വിശേഷിപ്പിക്കപ്പെട്ട കരമന- കളിയിക്കാവിള റോഡിന്റെ വഴിമുക്ക് മുതൽ നെയ്യാറ്റിൻകര, പാറശാല വരെയുള്ള റോഡ് യാത്ര അത്യന്തം അപകടകരമായ അവസ്ഥയിലേക്ക്. റോഡിന്റെ ഭൂരിഭാഗവും പൊട്ടിപ്പൊളിഞ്ഞ് അവിടവിടെയായി വലിയ കുഴികളും ഗർത്തങ്ങളുമാണ് രൂപപ്പെട്ടിട്ടുളളത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി റോഡിന്റെ അറ്റകുറ്റപ്പണി നടന്നിട്ട്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പൊതുനിരത്തിലെ അപകടക്കുഴികളിൽ അകപ്പെടുന്ന യാത്രക്കാർ നിരവധിയാണ്. മഴസമയത്ത് റോഡിലെ വെളളം കെട്ടിക്കിടക്കുന്ന കുഴികളിൽ വാഹനങ്ങൾ തെന്നിവീണ് ഉണ്ടാകുന്ന അപകടങ്ങളും നിത്യസംഭവമാണ്. ഇരുചക്ര വാഹനയാത്രക്കാരാണ് ഇതിലേറെയും അപകടത്തിൽപ്പെടുന്നത്. മാസങ്ങൾക്ക് മുമ്പ് പാറശാലയിൽ റോഡിലെ കുഴിയിൽ ബൈക്ക് തെന്നിമറിഞ്ഞ് ഒരാൾ മരിച്ചു. ഇത്തരത്തിൽ അപകടങ്ങളിൽപ്പെട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും ഗുരുതരമായി പരിക്ക് പറ്റിയവരും നിരവധിയാണ്. നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലന്റെ നേതൃത്വത്തിൽ നിരവധി തവണ വകുപ്പ് മന്ത്രിയടക്കമുളളവർക്ക് നിവേദനം നൽകിയിട്ടും പ്രശ്നത്തിന് ഇതുവരെയും പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിലുളള അധികാരപരിധിയും ഫണ്ട് പ്രശ്നങ്ങളുമാണ് റോഡിന്റെ അറ്റകുറ്റപ്പണി വൈകുന്നതിനിടയാക്കുന്നതെന്നാണ് ആരോപണം. റോഡ് എത്രയും വേഗം നവീകരിച്ച് ആളുകളുടെ ദുരിതമകറ്റണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകരയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി കാത്തിരിപ്പാണ്.

** വിനയായി താത്കാലിക കുഴിയടയ്ക്കൽ

റോ‌‌ഡിലെ യാത്ര ദുഷ്ക്കരമാകുമ്പോൾ നിരന്തര സമ്മർദ്ദത്തെ തുട‌ർന്ന് മെറ്റലും കോൺക്രീറ്റും ഉപയോഗിച്ച് താല്ക്കാലികമായി കുഴി അടയ്ക്കുക മാത്രമാണ് ഇപ്പോൾ ദേശീയപാത വിഭാഗം ചെയ്യുന്നത്. എന്നാൽ അശാസ്ത്രീയമായ ഈ കുഴി അടയ്ക്കലിന് ഒരു മഴയുടെയും ദിവസങ്ങളുടെയും ആയുസ്സ് മാത്രമേ ഉണ്ടാകാറുള്ളൂ. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന സമയത്താണ് പലപ്പോഴും ഈ പ്രവൃത്തി നടക്കുന്നത്. കുഴിഅടയ്ക്കൽ കഴിഞ്ഞ് തൊട്ട് പിന്നാലെ ഇതിന് മുകളിൽ വാഹനങ്ങൾ കയറുന്നതോടെ പണി ചെയ്യുന്ന വേഗത്തിൽത്തന്നെ ഇവ പൊളിയുകയും ചെയ്യും. ഇതിനെ തുടർന്ന് കുഴിയടച്ച ഭാഗത്തുളള മെറ്റലും കോൺക്രീറ്റും ഇളകി റോഡിൽ ചിതറി കിടക്കാറാണ് പതിവ്. ഇത് കാൽനട-വാഹനയാത്രക്കാരുടെ അപകട സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു.

പ്രതികരണം

കരമന-കളിയിക്കാവിള റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് കേന്ദ്രമന്ത്രിക്ക് രണ്ട് തവണ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ റോഡിന്റെ തല്ക്കാല അറ്റകുറ്റപ്പണിക്കായി 25 ലക്ഷം രൂപ വീതം അനുവദിച്ചുകൊണ്ടുളള തീരുമാനം ഉണ്ടായി. കുഴിയടച്ചതുകൊണ്ട് മാത്രം പ്രശ്നപരിഹാരമാകില്ല എന്നതിനാൽ ദേശീയപാത വിഭാഗവും പൊതുമരാമത്ത് വകുപ്പും സംയുക്തമായി റോഡുകളിൽ പരിശോധന നടത്തി അടിയന്തര നടപടി കൈക്കൊള്ളാനാണ് ഇപ്പോൾ ദേശീയപാത വകുപ്പിന്റെ തീരുമാനം. - മന്ത്രി മുഹമ്മദ് റിയാസ്.