ആറ്റിങ്ങൽ: ആറ്റിങ്ങൽ പോസ്റ്റ് ഓഫീസിൽ പ്രവർത്തിക്കുന്ന പാസ്‌പോർട്ട് ഓഫീസ് പരിമിതികളിൽ നട്ടം തിരിയുന്നു. പോസ്റ്റ് ഓഫീസിൽ ആവശ്യത്തിലധികം സ്ഥലം ഉണ്ടായിട്ടും പാസ്‌പോർട്ട് ഓഫീസ് ഇടുങ്ങിയ സ്ഥലത്താണ് പ്രവർത്തിക്കുന്നത്. കൂടാതെ ദിവസവും വളരെ കുറച്ച് അപേക്ഷകർക്ക് മാത്രമേ സേവനം നൽകുന്നുള്ളു എന്നും പരാതിയുണ്ട്. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. അപേക്ഷകർക്ക് അപ്പോയ്മെന്റ് നൽകുന്നത് അപേക്ഷ നൽകി ഒരു മാസമെങ്കിലും കഴിഞ്ഞാണ്. അതുപോലെ ഇപ്പോൾ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കാത്തതും ആവശ്യക്കാരെ വലയ്ക്കുന്നു.

അതുകൊണ്ടുതന്നെ അപേക്ഷകർ ഇപ്പോൾ തിരുവനന്തപുരം,​കൊല്ലം കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ കേന്ദ്രങ്ങളിലെ എല്ലാ സേവന സൗകര്യങ്ങളും ആറ്റിങ്ങലും ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് (ഐ)​ ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റി ബന്ധപ്പെട്ടവർക്ക് പരാതി നൽകി.