വെമ്പായം: വെമ്പായത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. വെമ്പായം പഞ്ചായത്ത് ഓഫീസിന് സമീപം ഇടുക്കുംതല പനയറക്കോണത്ത് സജീവാണ് (41) മരിച്ചത്. കഴുത്തിൽ കേബിൾ ടൈ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. സജീവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സി.സി.ടി വി ദൃശ്യങ്ങളിൽ ഇയാൾ കേബിൾ എടുക്കുന്നതും ആത്മഹത്യാക്കുറിപ്പ് എഴുതുന്നതും വ്യക്തമാണ്. ഇയാളുടെ കാബിനിൽ നിന്ന് ഈ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സാമ്പത്തിക ബാദ്ധ്യത കാരണം ജീവനൊടുക്കുകയാണെന്നാണ് ഇതിലുണ്ടായിരുന്നത്.
വ്യാഴാഴ്ച രാവിലെ 6ന് പ്രഭാത സവാരിക്കിറങ്ങിയ സജീവ് തിരികെയെത്താത്തതിനാൽ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് വീടിനടുത്തുള്ള കാടുകയറിയ പുരയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. വെഞ്ഞാറമൂട് വയ്യേറ്റിലെ ടൈൽ ഷോപ്പിൽ ജനറൽ മാനേജരായി ജോലി നോക്കുകയായിരുന്നു സജീവ്. വയറിംഗ് ആവശ്യത്തിനും വാഹനങ്ങളിലെ വീൽ കപ്പ് കെട്ടുന്നതിനും ഉപയോഗിക്കുന്ന കേബിൾ ടൈ ഉപയോഗിച്ചാണ് സജീവ് ആത്മഹത്യ ചെയ്‌തത്. ഇത് ഒരുതവണ മുറുകിക്കഴിഞ്ഞാൽ അഴിച്ചുമാറ്റുക പ്രയാസമാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.